മങ്കൊന്പ്: വെളിയനാട് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെ യുഡിഎഫിനു ഭരണം നഷ്ടമായി. യുഡിഎഫിലെ രണ്ടംഗങ്ങൾ അവിശ്വാസത്തെ അനുകൂലിച്ചു വോട്ടുചെയ്തതോടെ കേരളാ കോണ്‍ഗ്രസ് -എമ്മിലെ സാബു തോട്ടുങ്കനാണ് സ്ഥാനം നഷ്ടമായത്. വിപ്പു ലംഘിച്ച് അവിശ്വാസത്തെ അനുകൂലിച്ച കോണ്‍ഗ്രസിലെയും, കോരളാ കോണ്ഗ്രസ്എമ്മിലെയും അംഗങ്ങളെ പാർട്ടികളിൽ നിന്നും പുറത്താക്കി. ഇന്നലെ രാവിലെ പത്തിനു ബിഡിഒ പി. രാധാകൃഷ്ണപിള്ള വരണാധികാരിയായാണ് വോട്ടെടുപ്പ് നടന്നത്.
13 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയിൽ സിപിഎം അഞ്ച്, കേരള കോണ്‍ഗ്രസ് മൂന്ന്, കോണ്‍ഗ്രസ ്മൂന്ന്, ബിജെപി ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കേരള കോണ്‍ഗ്രസിന്റെ ഒരംഗവും, കോണ്‍ഗ്രസിന്റെ രണ്ടംഗങ്ങളും, ബി.ജെ.പി. അംഗവും, സ്വതന്ത്രനും അവിശ്വാസത്തിൽ നിന്നും വിട്ടു നിന്നു. ഭരണകക്ഷിയിൽപെട്ട കോണ്‍ഗ്രസിലെ മുൻ പ്രസിഡന്റു കൂടിയായ എം.പി. സജീവ്, കേരളാ കോണ്‍ഗ്രസിലെ ഔസേപ്പച്ചൻ ചെറുകാട് എന്നിവർ വോട്ടെടുപ്പിൽ പങ്കെടുത്ത് അവിശ്വാസത്തെ അനുകൂലിച്ചതോടെയാണ് യുഡിഎഫിനു ഭരണം നഷ്ടമായത്.
നേരത്തെ കോണ്‍ഗ്രസ് അംഗത്തിനു ഡിസിസി പ്രസിഡന്റ് ലിജുവും, കോരളാ കോണ്‍ഗ്രസ് അംഗത്തിനു പാർട്ടി ചെയർമാൻ പി.ജെ. ജോസഫും വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ടു വിപ്പു നൽകിയിരുന്നു. ഇരുവരും വിപ്പു ലംഘിച്ചതോടെ ജില്ലാ നേതൃത്വം ഇരുവരെയും ആറു വർഷത്തേയ്ക്കു പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കുകയായിരുന്നു.
ഏറെ വർഷങ്ങൾക്കു ശേഷമാണ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെളിയനാട് ഗ്രാമപഞ്ചായത്തിൽ യുഡിഎഫിനു ഭരണം ലഭിച്ചത്. മുന്നണിയിലെ ധാരണയെത്തുടർന്ന് ആദ്യത്തെയും, അവസാനത്തെയും ഓരോ വർഷം കോണ്‍ഗ്രസിനും, ഇടയ്ക്കുള്ള മൂന്നു വർഷം കേരളാ കോണ്‍ഗ്രസിനും പ്രസിഡന്റ് സ്ഥാനം നൽകുന്നതിനു ധാരണയായിരുന്നു.
ഇതെത്തുടർന്ന് ആദ്യ ഒരു വർഷത്തേക്ക് ഇപ്പോൾ എതിർത്തു വോട്ടുചെയ്ത സജീവ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പ്രസിഡന്റായി എന്നാൽ കാലാവധി പൂർത്തിയായിട്ടും രാജിവയ്ക്കാതിരുന്ന ഇദ്ദേഹത്തെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഇടപെട്ടാണ് രാജിവയ്പ്പിച്ചത്.
2017 ഏപ്രിൽ ഒന്നിന് സ്ഥാനമേറ്റ സാബു തോട്ടുങ്കൽ മാർച്ച 31ന് സ്ഥാനമൊഴിഞ്ഞ് വീണ്ടും കോണ്‍ഗ്രസിന് നൽകാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവങ്ങൾ അരങ്ങേറിയത്. നേരത്തെ എൽഡിഎഫ് പ്രതിനിധിയായ വൈസ് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ നിന്നും ഒൗസേപ്പച്ചൻ വിട്ടുനിന്നതും വിവാദമായിരുന്നു. ഇയാൾക്കെതിരെ വിപ്പു ലംഘനത്തിനു പാർട്ടി നൽകിയിരുന്ന കേസ് നിലനിൽക്കെയാണ് പുതിയ വിവാദങ്ങൾ ഉയർന്നിരിക്കുന്നത്.