സ്വന്തം ലേഖകൻ
തൃശൂർ: ആറു ദിവസത്തിനകം തൃശൂർ നഗരത്തിലെ റോഡുകളിലെ കുഴികൾ നികത്തുമെന്ന മേയറുടെ വാക്ക് പാഴ്വാക്കായി. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആറുദിവസം കഴിയുന്പോഴും നടത്താനായില്ല. പലയിടത്തും ഗട്ടറുകളിൽ മണ്ണും കെട്ടിട വേസ്റ്റും തള്ളിയതല്ലാതെ അറ്റകുറ്റപ്പണി കാര്യക്ഷമമായില്ല. കഴിഞ്ഞ ദിവസം പെയ്ത ചെറിയ മഴയിൽ ഇതിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. ആളുകളുടെ കണ്ണിൽ പൊടിയിടുന്ന അതേ ലാഘവത്തോടെയാണ് ഗട്ടറുകൾ നികത്തിയതെന്നും ആക്ഷേപമുണ്ട്.
മഴക്കാലത്ത് ഉപയോഗിക്കുന്ന പ്രത്യേകതരം ടാർ ഉപയോഗിച്ച് ഗട്ടറുകൾ നികത്തുമെന്നാണ് മേയർ പറഞ്ഞിരുന്നത്. മേയറുടെ ചേംബറിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടേയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് മേയർ ആറു ദിവസത്തിനകം ഗട്ടറുകൾ നികത്തുമെന്ന് ഉറപ്പു പറഞ്ഞിരുന്നത്. എന്നാൽ മിക്ക റോഡുകളും ഇപ്പോഴും കുഴികൾ നിറഞ്ഞ അവസ്ഥയിൽ തന്നെയാണ്. ചിലയിടങ്ങളിൽ മെറ്റലിട്ട് ഗട്ടർ നികത്താൻ തുടങ്ങിയിട്ടുണ്ടെങ്കിലും കാര്യമായൊന്നും നടന്നിട്ടില്ല.
കനത്ത മഴ രണ്ടുദിവസമുണ്ടായെങ്കിലും മഴയൊഴിഞ്ഞിട്ടും റോഡ് പണി ഉണ്ടായില്ല.നഗരത്തിൽ റോഡുകളിലെ കുഴികൾ മൂലം പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുകയാണ്. പ്രധാന ജംഗ്ഷനുകളിൽ പോലും റോഡുകളുടെ സ്ഥിതി പരിതാപകരമാണ്. കെഎസ്ആർടിസി ബസുകളടക്കം കടന്നുപോകുന്ന വെളിയന്നൂർ ജംഗ്ഷനിലെ റോഡുകൾ പൂർണമായും തകർന്ന അവസ്ഥയിലാണ്.
റോഡുകൾ ഗട്ടറുകൾ നികത്തി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ബസ് സർവീസുകൾ നിർത്തിവെക്കുമെന്ന് ഒരു വിഭാഗം ബസുടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തൃശൂർ നഗരത്തിലും സമീപറോഡുകളിലും തുടർക്കഥയാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ടി.എൻ.പ്രതാപൻ എംപി ഗതാഗതമന്ത്രിയടക്കമുള്ളവർക്ക് കത്തയച്ചിട്ടുണ്ട്.
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രാദേശികമായി പല ഭാഗങ്ങളിലും റോഡ് ഉപരോധങ്ങളും സമരങ്ങളും നടക്കുന്നുണ്ട്.ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഇന്നലെ തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്ഐ ട്രെയിനികളെയടക്കം നിയോഗിക്കേണ്ട സ്ഥിതിവന്നു. 87 എസ്ഐ പോലീസ് ട്രെയിനികളാണ് ഇന്നലെ പരിശീലനത്തിന്റെ ഭാഗമായി തൃശൂർ നഗരത്തിലെ വിവിധയിടങ്ങളിൽ ഗതാഗതം നിയന്ത്രിക്കാനെത്തിയത്