കൊട്ടാരക്കര: വെളിയം പഞ്ചായത്തിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടീൽ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ഐ ഷാ പോറ്റി എം.എൽ.എ.അറിയിച്ചു. എംഎൽഎ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഇതിന് ധാരണയായത്.ഇതോടെ വെളിയം പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും.
പഞ്ചായത്തിൽ 5.4 കിലോമീറ്റർ ദൂരത്തിൽ പൊതുമരാമത്ത് റോഡിലും 12 കിലോമീറ്റർ ദൂരത്തിൽ പഞ്ചായത്ത് റോഡിലുമാണ് പൈപ്പിടേണ്ടത്.പൊതുമരാമത്ത് റോഡ് ഉപാധികളോടെ പൈപ്പിടുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
ബി.എം.ആൻറ് ബി.സി. ഫിനിഷിംഗുള്ള ഓടനാവട്ടം -ചെപ്ര, വെളിയം – ഓടനാവട്ടം, നെടുമൺകാവ് – ഓടനാവട്ടം റോഡുകൾ ഡിഫക്ട് ലയബിലിറ്റി പീരിയഡ് നിശ്ചയിച്ച് നിർമ്മിച്ചവയാണ്.ഈ റോഡുകൾ പൈപ്പിടാൻ കുഴിച്ച ശേഷം കരാറുകാരൻ പുനർനിർമ്മിക്കും.
പ്രവർത്തികൾ ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും സാന്നിദ്ധ്യത്തിലും മേൽനോട്ടത്തിലുമായിരിക്കും നടക്കുക. ചെപ്രയിൽ സ്ഥാപിച്ചിട്ടുള്ള പ്ലാൻ്റിൽ നിന്നും വെളിയം ഒഴികെ മറ്റു പഞ്ചായത്തുകളിലേക്ക് ജലവിതരണം ആരംഭിച്ചിരുന്നു.
എന്നാൽ സാങ്കേതിക കാരണങ്ങളാൽ വെളിയം പഞ്ചായത്തിലെ പൈപ്പിടീൽ ആരംഭിക്കാനും ജലവിതരണം തുടങ്ങാനും കഴിഞ്ഞിരുന്നില്ല. വിഷയം മന്ത്രി കെ.കൃഷണൻകുട്ടിയുടെ മുന്നിൽ എം.എൽ.എ.അവതരിപ്പിച്ചതിനെ തുടർന്നാണ് കൊട്ടാരക്കരയിൽ ഉദ്യോഗസ്ഥ തല യോഗം ചേർന്നത്.