കൊച്ചി: നഗരത്തെ മുക്കിയ വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചി കോർപറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇത്തരത്തിൽ പ്രവർത്തിക്കാനാണെങ്കിൽ കോർപ്പറേഷൻ എന്തിനാണെന്നും കോർപ്പറേഷനെ പിരിച്ചുവിടാത്തതെന്താണെന്നും കോടതി വാക്കാൽ ചോദിച്ചു.
ചെളിനീക്കാൻ കോടികൾ കോർപ്പറേഷൻ ചെലവാക്കുന്നുണ്ട്. കൊച്ചിയെ സിംഗപ്പൂർ ആക്കണമെന്നല്ല. ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ സാധിക്കണം. ഇത് സംബന്ധിച്ച് സർക്കാർ ബുധനാഴ്ച വിശദീകരണം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഒരു കൂട്ടം ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതി കോർപ്പറേഷനെതിരേ രൂക്ഷ വിമർശനം നടത്തിയത്.
പേരണ്ടൂർ കനാൽ വിഷയത്തിലും റോഡ് തകർന്ന സംഭവത്തിലും ഹൈക്കോടതി നേരത്തെ കൊച്ചി കോർപ്പറേഷനെതിരേ വിമർശനം ഉന്നയിച്ചിരുന്നു. പേരണ്ടൂർ കനാലിൽ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കണമെന്നും ഇക്കാര്യത്തിൽ നഗരസഭയെ പൂർണ വിശ്വാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പേരണ്ടൂർ കനാൽ ശുചിയാക്കുന്നതിനായി ഒമ്പത് നിർദേശങ്ങളും സിംഗിൾബെഞ്ച് നൽകി. കനാൽ ശുചീകരണത്തിൽ നഗ രസഭയെ പൂർണമായും വിശ്വസിക്കാനാവാത്തതിനാൽ സർക്കാരും കളക്ടറും ഇതിലിടപെടണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.