കോട്ടയ്ക്കൽ: അയ്യപ്പനോവ് വെള്ളച്ചാട്ടം ടൂറിസം കേന്ദ്രത്തിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. തങ്ങളുടെ നാട്ടിലെ ടൂറിസം കേന്ദ്രമായ അയ്യപ്പനോവ് വെള്ളാച്ചാട്ടത്തിലെ അപകടത്തിൽ വിദ്യാർഥി മരിച്ച സംഭവം നാടിനെ നടുക്കി.
ഓവുചാൽ കെട്ടി ഉയർത്തിയ കരിങ്കൽ കഷ്ണങ്ങൾ അടർന്നു വീണാണ് അപകടം നടന്നത്. മഴവെള്ളം ഒലിച്ചിറങ്ങി സിമന്റും, മണ്ണും ഒലിച്ച് പോയതാണ് കല്ല് അടർന്നു വീഴാൻ കാരണം. വെട്ടിച്ചിറ മുഴങ്ങാണി മണ്ടായപ്പുറം മൊയ്തീന്റെ മകൻ അദ്നാൻ (17) ആണ് മരിച്ചത്. പുത്തനത്താണി ലേണേഴ്സ് കോളജ് പ്ലസ് ടു വിദ്യാർഥിയായിരുന്നു. കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്ത് കുളിച്ച് കൊണ്ടിരിക്കെയാണ് പാറ കഷ്ണം അടർന്ന് വീണത്. മറ്റൊരു യുവാവിന് പരിക്കേൽക്കുകയും ചെയ്തു.
ഏറെ ആളുകളെ ആകർഷിക്കുന്ന പഞ്ചായത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ അച്ചപ്പനോവ് വെള്ളച്ചാട്ടത്തെ സംരക്ഷിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കത്തതാണ് അപകടത്തിനു കാരണം. മഴക്കാലം തുടങ്ങും മുന്പെ തന്നെ പാലത്തിന്റെ ഭിത്തി സിമന്റ് ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നെങ്കിൽ അപകടം സംഭവിക്കില്ലായിരുന്നു.
വെള്ളച്ചാട്ടം കാണാൻ വരുന്നവർക്ക് താഴോട്ട് ഇറങ്ങാനുള്ള സൗകര്യങ്ങൾ പോലും പരിതാപകരമാണ്. ഇനിയെങ്കിലും അധികൃതർ കണ്ണ് തുറക്കണമെന്നും വെളളാച്ചാട്ടം കാണാനും കുളിക്കാനും എത്തുന്നവർക്ക് സുരക്ഷയും സൗകര്യങ്ങളും ഒരുക്കാൻ തയാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ആതവനാട് മാട്ടുമ്മൽ റോഡരികിൽ തന്നെയാണ് ഏറെ ആളുകളെ ആകർഷിക്കുന്ന ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.