വടക്കഞ്ചേരി: ഭീതിജനകമായ ഉരുൾപൊട്ടലും മലവെള്ളപാച്ചിലും മലയോര മേഖലയെ നടുക്കുന്പോഴും നയന മനോഹരമായ നിരവധി വിസ്മയ കാഴ്ചകൾ മലന്പ്രദേശങ്ങളിലുണ്ട്. വൻമലകളിൽ നിന്നും തൂവെള്ള കണക്കെ കുണുങ്ങിയെത്തുന്ന നീരൊഴുക്കുകൾ തന്നെയാണ് പ്രധാന ആകർഷണം.
മംഗലംഡാമിൽ നിന്നും 12 കിലോമീറ്റർ മാറി മലയോര മേഖലയായ കടപ്പാറയിലാണ് ജലപാതത്തിന്റെ സുന്ദര കാഴ്ചകൾ ഏറേയുമുളളത്. കടപ്പാറയിൽ നിന്നും വനത്തിനകത്തെ തളികകല്ലിലുള്ള ആദിവാസി കോളനി വഴിയുടെ ഇരുവശവും ഇത്തരം മനോഹര കാഴ്ചകളുണ്ട്. നാല് കിലോമീറ്റർ മുഴുവൻ ജല സൗന്ദര്യം ആസ്വദിക്കാനാകും.
പോത്തംതോടിനടുത്തെ ആലിങ്കൽവെള്ളച്ചാട്ടം അതി മനോഹരമാണ്. 150 അടി ഉയരത്തിൽ നിന്നാണ് ഈ ജലപാതം താഴേക്ക് പതിക്കുന്നത്. പോത്തം തോടിനു മുകളിൽ വനത്തിൽ തന്നെ മറ്റൊരു ജലപാതമുണ്ട്. കാട്ടുചോലകളുടെ കൗതുകവും കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ട്. പരന്നൊഴുകുന്ന കാട്ടുചോലകളും ഒഴുകി എത്തുന്ന ഭീമാകാരമായ പാറ കല്ലുകളും നഗരവാസികൾക്ക് എത്ര കണ്ടാലും മതിവരില്ല.
മൂന്ന് കാട്ടുചോലകൾ സംഗമിക്കുന്ന തിപ്പിലി കയം അന്പരപ്പിക്കുന്ന കാഴ്ചയാണ്. ഓടംതോട്,ചുരുപ്പാറ, കവിളുപ്പാറ എന്നിവിടങ്ങളിലും കാട്ടുചോലകളുടെ നല്ല കാഴ്ചകൾ കാണാനാകും. എന്നാൽ തുടർച്ചയായ മഴയുള്ളപ്പോൾ ഇത്തരം കാഴ്ചകാണാനുള്ള യാത്രകൾ അപകടമാണ്.
അതിനാൽ മഴക്ക് ശമനമായാൽ മാത്രമെ യാത്ര പാടുള്ളു. പരിസരവാസികൾ ഒപ്പമുണ്ടെങ്കിൽ യാത്ര കുറച്ചു കൂടി സുരക്ഷിതമാകും. കിഴക്കഞ്ചേരി പാലക്കുഴിയിലുമുണ്ട് വലിയ വെള്ളച്ചാട്ടം. ഇവിടെയാണ് ജില്ലാ പഞ്ചായത്തിന്റെ മിനി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്.