തിരുവല്ല : മഴ തുടരുന്നതോടെ അപ്പർകുട്ടനാടൻ മേഖലയിൽ മിക്കയിടത്തും രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ടുകൾ യാത്രാ പ്രതിസന്ധി സൃഷ്ടിക്കുന്നു. പന്പ, മണിമല നദികളിലെ ജലനിരപ്പ് ഉയരുന്നത് കാരണം പാടശേഖരങ്ങളിലേക്ക് ശക്തമായ നീഴൊഴുക്കാണ്. പാടശേഖരങ്ങൾക്കരികിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിലാണ്. പ്രധാന റോഡുകളിലെ വെള്ളക്കെട്ടുകൾ അപകട സ്വാധ്യത ഉയർത്തുന്നു.
ശക്തമായി പെയ്യുന്ന മഴ മൂലംനിരണം, കടപ്ര പഞ്ചായത്തുകളുടെ പല പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇരതോട്, തേവേരി, കടപ്ര, ആലംതുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ താമസസ്ഥലങ്ങളിലും റോഡുകളിലും വെള്ളം കയറിയിരിക്കുകയാണ്. ഇരതോട് പള്ളിക്ക് കിഴക്കുവശം ഇടയോടി ചെന്പ് പാടശേഖരത്തിലേക്ക് പോകുന്ന തോട് സ്വകാര്യ വ്യക്തികൾ അടച്ചതിനാൽ വെള്ളം ഒഴുകി പോകുന്നില്ല. ത·ൂലം പത്തോളം വീട്ടുകാർ ദുരിതത്തിലായി.
കടപ്ര – വീയപുരം ലിങ്ക് റോഡ് നിർമിച്ചതോടെ തേവേരി റോഡിനും ലിങ്ക് റോഡിനും ഇടയിൽ വസിക്കുന്ന പതിനഞ്ചോളം വീട്ടുകാർ വെള്ളക്കെട്ട് മൂലംദുരിതത്തിലായി. വെള്ളം ഒഴുകിപ്പോകാൻ കുഴൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് തെളിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം.നിരണം ഡക്ക് ഫാം റോഡിൽ നേർക്കടവിന് സമീപം വെള്ളക്കെട്ടാണ്. ഇതുമൂലം അടുത്ത കാലത്ത് ടാർ ചെയ്ത റോഡ് മുഴുവനും ഇളകി.കോലറയാറിലേക്ക് സ്ഥാപിച്ചിരുന്ന ഓടകൾ വ്യക്തികൾ നികത്തിയതാണ് ഇവിടെയും വിനയായത്.
ആലംതുരുത്തി പാലത്തിന് പടിഞ്ഞാറ് വശം ഏറെ തിരക്കുള്ള റോഡിലെ വെള്ളക്കെട്ട് വാഹങ്ങൾക്കും വഴിയാത്രക്കാർക്കും സമീപവാസികൾക്കും ഒരേപോലെ ദുരിതമാകുന്നു. മഴ പെയ്താൽ ഇവിടെ മുട്ടിന് മുകളിൽ വെള്ളമാണ്.
തിരുവല്ലകായംകുളം റോഡിൽ കടപ്ര എസ്എൻ ആശുപത്രിക്കു മുന്നിലും ആലംതുരുത്തി ചന്തക്ക് വടക്കുവശവും മഴ പെയ്താൽ റോഡിൽ വെള്ളപ്പൊക്കമാണ്.
ഈ ഭാഗത്തെ റോഡ് മുഴുവനും തകർന്ന് കുഴികൾ രൂപപ്പെട്ട് തുടങ്ങി. റോഡിന് ഇരുവശവുമുള്ള കച്ചവട സ്ഥാപനങ്ങൾ ഇതുമൂലം ദുരിതത്തിലാണ്. വാഹനങ്ങൾ കടന്നു പോകുന്പോൾ തെറിക്കുന്ന വെള്ളം മുഴുവനും കടകൾക്കുള്ളിലേക്കാണ് പതിക്കുന്നത്.പെരിങ്ങര പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പെരിങ്ങര പുതുക്കുളുങ്ങര കൊട്ടാണിപ്പാറ റോഡിൽ വെള്ളം നിറഞ്ഞ് കഴിഞ്ഞു. പന്ത്രണ്ടാം വാർഡിൽ മറിയപ്പള്ളിൽ വത്സമ്മയുടെ വീട് വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്.
റെയിൽവേ അടിപ്പാതയിലെ വെള്ളം ഒഴുകി പോകാൻ നിർമിച്ച കനാലിന്റെ അശാസ്ത്രീയത കാരണം വെള്ളം കയറി
തിരുമൂലപുരം പുളിക്കത്തറക്കുഴിയിലെ വീടുകൾ ദുരിതത്തിലായിരിക്കുകയാണ്. കനത്ത മഴയെന്ന മുന്നറിയിപ്പ് അവഗണിച്ച് ഇറിഗേഷൻ അധികൃതർ വരാൽ തോട്ടിലെ ഷട്ടർ എടുത്തു മാറ്റിയതിനെ തുർന്ന് വെള്ളം കയറിയ അടുന്പട കോളനിയിലെ ജീവിതവും ദുരിതത്തിലായി.
ഞവനാകുഴി, അടുന്പട എന്നിവിടങ്ങളിലെ നാൽപതോളം വീടുകളിലാണ് ഇതുകാരണം വെള്ളം കയറിയത്. 19 ന് രാവിലെയാണ് അറ്റകുറ്റപണിക്കെന്ന പേരിൽ റെഡ് അലർട്ടും റവന്യൂ മുന്നറിയിപ്പുകളും വകവയ്ക്കാതെ ഷട്ടർ എടുത്തു മാറ്റിയത്. അറ്റകുറ്റപ്പണിക്കെന്ന പേരിലാണ് ഷട്ടറുകൾ എടുത്തുമാറ്റിയത്. ഇവിടങ്ങളിലെ കുടുംബാംഗങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.