ചേർത്തല: താലൂക്കിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. പെയ്ത്തു വെള്ളത്തോടൊപ്പം വേലിയേറ്റവും വർധിച്ചതിനാൽ തീരദേശത്തെ ജനജീവിതം ദുരിത പൂർണമായി. കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ പഞ്ചായത്തുകളിൽ പൊഴിച്ചാലുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളക്കെട്ടിനുള്ളിലാണ്. മലിനജലം ഉൾപ്പെടെ കെട്ടികിടക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ കൊതുകുശല്യവും രൂക്ഷമാണ്.
കടക്കരപ്പള്ളി പഞ്ചായത്ത് നാലാം വാർഡിൽ പുത്തൻപുരയ്ക്കൽ ജോസിയുടെ മകൻ പതിനൊന്ന് വയസുകാരൻ ആഷിക് കഴിഞ്ഞ ദിവസം മരിച്ചത് ഡെങ്കിപനി ബാധിച്ചാണ്. ഈ പ്രദേശം മുഴുവൻ ഇപ്പോഴും വെള്ളക്കെട്ടാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് വെള്ളക്കെട്ട് നിയന്ത്രിച്ച് ജനജീവിതം സാധാരണ ഗതിയിലാക്കണമെന്നും മരണമടഞ്ഞ ആഷിക്കിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്നും ഫ്രണ്ട്സ് ഓഫ് തങ്കി ചാരിറ്റബിൾ സംഘം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് തന്പി ചക്കുങ്കൽ അധ്യക്ഷത വഹിച്ചു.ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാം വാർഡ് പൊഴിച്ചാലിന് സമീപമുള്ള കുരിശിങ്കൽ ടോമിയുടെ വീട് വെള്ളം കയറിയ നിലയിൽ.