ഇരിങ്ങാലക്കുട: ഇതു നേരത്തെ ചെയ്യാമായിരുന്നില്ലേ…, വെറുതെ വിവാദം ഉണ്ടാക്കാൻ.. എന്നു തോന്നും വാർത്ത വായിച്ചാൽ. കൂടൽമാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള കച്ചേരി വളപ്പിലെ വെള്ളക്കെട്ട് വിഷയമാണ് മേൽപ്പറഞ്ഞ വാർത്തയ്ക്കാധാരം. വെള്ളക്കെട്ട് രൂക്ഷമായപ്പോൾ കോടതി അധികൃതരും ബാർ അസോസിയേഷനും ആർഡിഒ യ്ക്ക് പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച ആർഡിഒ സി. ലതിക വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്ന് ദേവസ്വം അധികൃതരോട് നിർദേശിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നഗരസഭ അധികൃതരുടെ സഹകരണത്തോടെ കച്ചേരി വളപ്പിൽ നിന്നും മെയിൻ റോഡിലുള്ള പൊതുകാനയിലേക്ക് ചാൽ കീറാനും ഇതുവഴി അധികജലം ഒഴുക്കി വിടാനും നിറഞ്ഞുകവിഞ്ഞ മഴക്കുഴിയിൽ നിന്നുള്ള വെള്ളവും കാനയിലേക്ക് തിരിച്ചുവിടാനുമാണ് തീരുമാനമായത്. നിർമാണപ്രവർത്തനങ്ങൾ ഇന്നത്തോടെ പൂർത്തിയാകുമെന്ന് കരുതുന്നു.
ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്ഥിതി ചെയ്യുന്ന കച്ചേരി വളപ്പിലെ വെള്ളക്കെട്ടിനെ ചൊല്ലി ഒരുമാസം മുന്പാണ് അഭിഭാഷകരും ദേവസ്വം അധികൃതരും തമ്മിൽ തർക്കമായത്. കച്ചേരി വളപ്പിൽ നിന്നും പൊതുകാനയിലേക്ക് വെള്ളം തിരിച്ചുവിടാനെത്തിയ നഗരസഭ ജീവനക്കാരെ ദേവസ്വം അധികൃതർ തടഞ്ഞതോടെ പ്രശ്നം ഗുരുതരമായി. തുടർന്ന് ദേവസ്വം കച്ചേരിവളപ്പിൽ മഴമാപിനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മഴകുഴി നിർമിക്കുകയായിരുന്നു.
വെള്ളം കെട്ടികിടന്നിരുന്ന ഭൂമിയിൽ ക്വാറി വേസ്റ്റ് അടിക്കുകയും ചെയ്തു. എന്നാൽ ശക്തമായ മഴയെ തുടർന്ന് മഴക്കുഴി നിറയുകയും കച്ചേരി വളപ്പ് വീണ്ടും വെള്ളക്കെട്ടിൽ മുങ്ങുകയുമായിരുന്നു. തുടർന്ന് പരാതിയുമായി കോടതി അധികൃതർ നഗരസഭയേയും ആർഡിഒയേയും സമീപിച്ചത്.
തഹസിൽദാർ ഐ.ജെ. മധുസൂദനൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, രാജേഷ് തന്പാൻ, കെ.ജി. സുരേഷ്, എ.വി. ഷൈൻ, അഡ്മിനിസ്ട്രേറ്റർ എ.എം. സുമം, നഗരസഭ ചെയർപേഴ്സൻ നിമ്യാ ഷിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുരിയൻ ജോസഫ്, മുനിസിപ്പൽ എൻജിനീയർ ജോസ് ജോണ്, റവന്യൂ സൂപ്രണ്ട് തങ്കമണി, ബാർ അസോസിയേഷൻ പ്രസിഡന്റ് പി.ആർ. രമേശൻ, പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.