എരുമേലി: ജനങ്ങൾക്ക് ആശ്രയമായ ജല അതോറിറ്റിയുടെ വെള്ളം പാഴാകുന്നത് കാണുന്പോൾ സഹിക്കാനാവുന്നില്ല. പൊട്ടിയ പൈപ്പിലൂടെ വെള്ളം പാഴാകുന്നത് തടയുന്ന കാര്യത്തിൽ അധികൃതർ അനാസ്ഥ തുടരുന്നു. വേനൽച്ചൂട് രൂക്ഷമായതോടെ കിണറുകളും നദികളും വറ്റിവരണ്ട് ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്പോഴാണ് ഈ സാഹചര്യം.
എരുമേലി പഞ്ചായത്തിൽ ഒട്ടേറെ സ്ഥലങ്ങളിലാണ് പൈപ്പുകൾ പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. കിലോമീറ്ററുകൾ അകലെ പന്പയാറിലെ പെരുന്തേനരുവിയിൽ നിന്ന് വൈദ്യുതിയും മോട്ടോറും ഉപയോഗിച്ച് പന്പ് ചെയ്ത് ശുദ്ധീകരണ പ്ലാന്റിലെത്തിച്ചതിന് ശേഷം വിവിധ പ്രദേശങ്ങളിലെ ടാങ്കുകളിലൂടെ പൈപ്പുകളിലെത്തുന്ന വെള്ളം പാഴായിപ്പോകുന്പോൾ ഉണ്ടാകുന്നത് കനത്ത നഷ്ടമാണ്.
കൊരട്ടി – എരുമേലി ടൗണ്‍ റോഡിലുടനീളം ചെറുതും വലുതുമായ നിരവധി പൈപ്പ് പൊട്ടലിലൂടെ റോഡിൽ വെള്ളം ഒഴുകി പാഴായി പോകുന്നത് വൻ തോതിലാണ്. പൊതു ടാപ്പുകൾ കേടായി വെള്ളം ഒഴുകുന്നതുമുണ്ട്. പതിവായി പൈപ്പ് പൊട്ടുന്ന ഭാഗമാണ് സെൻറ് തോമസ് സ്കൂൾ ജംഗ്ഷൻ.
പല തവണ പണികൾ നടത്തി ഒടുവിൽ റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ് ഇവിടെ. ഇളപ്പുങ്കൽ ജംഗ്ഷനിലും ആമക്കുന്ന് പാലത്തിലും കെഎസ്ആർടിസി രാജാ പടിക്കലും പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നു.
അധികൃതർ അനാസ്ഥ വെടിഞ്ഞില്ലെങ്കിൽ വേനലിൽ നാട്ടുകാർക്ക് വെള്ളം എത്തുന്നതിൽ വ്യാപകമായി കുറവുണ്ടാകും. പല മേഖലകളിലും വെള്ളം എത്തുന്നില്ലെന്ന പരാതികൾക്ക് ഒരു പ്രധാന കാരണം കൂടിയാണ് പൈപ്പ് പൊട്ടലിലൂടെയുള്ള ജലനഷ്ടം.