അമ്പലപ്പുഴ: നാടുമുഴുവന്‍ വെള്ളക്കെട്ടും പകര്‍ച്ചവ്യാധിയും. ഓഫീസിനു പുറത്തിറങ്ങാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. ഏതാനും മാസങ്ങളായി തുടരുന്ന തോരാമഴയില്‍ നാട്ടില്‍ പലയിടത്തും കനത്ത വെള്ളക്കെട്ടാണ്. മഴ ശക്തമായതോടെ ഒരുകാലത്ത് നിര്‍മാര്‍ജനം ചെയ്ത ഒട്ടുമിക്ക രോഗങ്ങളും തിരികെ വന്നിരിക്കുകയാണ്.
എലിപ്പനി, ഡെങ്കിപ്പനി, കോളറ, മലമ്പനി കൂടാതെ പലവിധ പനികളും നാടു മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞു. കൊതുകുജന്യ രോഗങ്ങളും വ്യാപകമായി പടരുന്നുണ്ട്.
എന്നാല്‍ ഇതിനെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ആരോഗ്യ മേഖലയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സംഘടനാ പ്രവര്‍ത്തനവുമായി നടക്കുകയാണ്. ഭരണകക്ഷിയുടെ പിന്‍ബലത്തോടെ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതല്ലാതെ പകര്‍ച്ചവ്യാധിക്കെതിരേ യാതൊരു വിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്താറില്ല.
കൊതുക് പെരുകുന്നതിനു കാരണമാകുന്നവരില്നിന്ന് പിഴയീടാക്കണമെന്നാണ് നിയമം. എന്നാല്‍ അമ്പലപ്പുഴ ഇരട്ടക്കുളങ്ങര പെട്രോള്‍ പമ്പിനു പിറകില്‍ മാസങ്ങളോളം പ്രദേശവാസികള്‍ വെള്ളക്കെട്ടിലായിട്ടും ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
തൊട്ടടുത്ത മത്സ്യ മാര്‍ക്കറ്റില്‍നിന്ന് മലിനജലമൊഴുകി കൊതുകു പെരുകുകയും ദുര്‍ഗന്ധം രൂക്ഷമാവുകയും ചെയ്തിട്ടും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഈ പ്രദേശത്ത് ജനം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.
ആലപ്പുഴ നഗരത്തിലടക്കം ഈ മഴക്കാലത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും മത്സ്യവില്‍പ്പന ശാലകളിലും പരിശോധന നടത്തി നടപടി സ്വീകരിച്ചു. എന്നാല്‍ അമ്പലപ്പുഴയുടെ ഒരു ഭാഗത്തും ഇത്തരം വ്യാപാരസ്ഥാപനങ്ങളിലോ മത്സ്യവില്‍പ്പന ശാലകളിലോ പരിശോധന നടത്താറില്ല.
പല സ്ഥാപനങ്ങളും വൃത്തി ഹീനമായി പ്രവര്‍ത്തിക്കുന്നെന്നും പഴകിയ മത്സ്യം വില്‍പ്പന നടത്തുന്നുവെന്നും വ്യാപക പരാതി ഉയര്‍ന്നിട്ടും ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ ഒരിടത്തും പരിശോധന നടത്താറില്ല. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെക്കൊണ്ട് പരിശോധന നടത്തിക്കാന്‍ മേലുദ്യോഗസ്ഥരും തയാറാകാറില്ല.