കാഞ്ഞിരപ്പള്ളി: ഒരൊറ്റ മഴ മതി കാഞ്ഞിരപ്പള്ളി മുഴുവൻ വെള്ളക്കെട്ട് രൂപപ്പെടാൻ. കനത്ത മഴ പെയ്യുന്പോൾ കാഞ്ഞിരപ്പള്ളിയിലെ വിവിധ പ്രദേശങ്ങളിൽ റോഡ് കാണാനാകാത്ത വിധമാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും മണിമല വഴിക്കും ഈരാറ്റുപേട്ട റോഡിലും കെകെ റോഡിലുമാണ് വിവിധയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ഇത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത് കാൽനടയാത്രകരെയാണ്.
വാഹനങ്ങൾ ചീറിപ്പായുന്പോൾ ദേഹത്ത് വെള്ളം തെറിക്കാതെ ഒഴിഞ്ഞു മാറുന്നതു തന്നെ സാഹസികമാണ്. വെള്ളക്കെട്ടിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന മറ്റൊരു കൂട്ടർ ഇരുചക്ര വാഹന യാത്രികരാണ്.
വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളിൽ മിക്കവാറും റോഡിലെ കുഴികളിൽ ചാടി റോഡിൽ തെന്നി വീണ് അപകടങ്ങൾ പതിവാണ്, ഒപ്പം മറ്റ് വലിയ വാഹനങ്ങൾ കടന്നു പോകുന്പോൾ ദേഹമാകെ വെള്ളത്തിൽ കുളിച്ചാകും ഇവരുടെ യാത്ര. ഓടകൾ ഇല്ലാത്തതും ഉള്ളത് തടസം നിറഞ്ഞതുമാണ് മിക്ക വെള്ളക്കെട്ടിനും കാരണമാകുന്നത്. പല ഓടകളും അടഞ്ഞതിനാൽ വെള്ളം മുഴുവൻ റോഡിലൂടെയാണ് ഒഴുകുന്നത്.