കൊച്ചി: കനത്ത മഴ തുടരുന്നതോടെ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കാലവർഷം കനത്ത ഇന്നലെ രാവിലെ മുതൽ ആരംഭിച്ച മഴ ഇന്നും ശക്തമായിതന്നെ തുടരുകയാണ്. വെള്ളക്കെട്ടിനെത്തുടർന്ന് ഇരുചക്ര, കാൽനട യാത്രികരാണു കൂടുതലായും വലയുന്നത്. ഹൈക്കോടതി, മേനക ജംഗ്ഷനുകളിൽ ഉൾപ്പെടെ റോഡിന് ഇരുവശത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ കയറി നിൽക്കാനാകാതെ യാത്രക്കാർ വലയുന്ന കാഴ്ചയാണുള്ളത്.
മെട്രോയുടെ പണികൾ പുരോഗമിക്കുന്ന എംജി റോഡിൽ മഹാരാജാസ് ജംഗ്ഷനിലും ചെറിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി യാത്രക്കാർ വന്നുപോകുന്ന സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരവും വെള്ളക്കെട്ടിലായി. എറണാകുളം കെഎസ്ആർസടിസി ബസ് സ്റ്റാൻഡിൽ ഇന്നലെ ഇരിപ്പിടങ്ങളിൽ വരെ വെള്ളം കയറി. സമീപപ്രദേശങ്ങളിലെ ഓടകളിൽനിന്നുള്ള മാലിന്യങ്ങൾ അടക്കമുള്ളവ സ്റ്റാൻഡിനുള്ളിൽ നിറഞ്ഞു.
വൈറ്റില ജംഗ്ഷനിൽ റോഡിലെ വെള്ളക്കെട്ടും കുഴികളും മെട്രോയുടെയും മേൽപ്പാലത്തിന്റെയും പണികളും ഗതാഗതക്കുരുക്കിനു കാരണമായി. ചിറ്റൂർ റോഡ്, കോണ്വന്റ് ജംഗ്ഷൻ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇവിടങ്ങളിൽ ഇന്നും സ്ഥിതി വിഭിന്നമല്ല. നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ കലൂർ-കതൃക്കടവ് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
കലൂരിൽനിന്നു വൈറ്റിലയിലേക്കും കടവന്ത്രയിലേക്കുമെല്ലാം നഗരത്തിനുള്ളിലൂടെ സഞ്ചരിക്കാതെ വേഗമെത്തുന്നതിനായി ഈ റോഡിനെ ആശ്രയിക്കുന്നവരിലധികവും മണിക്കൂറുകളോളം കുരുക്കിൽപ്പെടുന്ന കാഴ്ചയാണുള്ളത്. കതൃക്കടവ് പാലത്തിലേക്ക് പ്രവേശിക്കുന്നയിടത്തെ ചെറിയൊരു കുഴിയാണ് ഈ ഭാഗത്തു കുരുക്കിന് കാരണമാകുന്നത്. ഈ കുഴിയിൽ ചാടാതിരിക്കാനായി വാഹനങ്ങൾ വേഗം കുറയ്ക്കുന്നതോടെ ഇവിടെ വലിയ ബ്ലോക്കിന് കാരണമാകുന്നു.
ദീർഘദൂര ബസുകളടക്കം പോകുന്ന റോഡിലാണ് ചെറിയൊരു കുഴി കാരണം ദീർഘനേരത്തെ കുരുക്കുണ്ടാകുന്നത്. കലൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളും തമ്മനം പുല്ലേപ്പടി റോഡിൽനിന്നെത്തുന്ന വാഹനങ്ങളും കൂടി ഒരുമിച്ചു പാലത്തിലേക്കു കയറുന്നയിടത്താണ് കുരുക്കിന്റെ പ്രധാനകേന്ദ്രം. ഇവിടെ തിരക്ക് നിയന്ത്രിക്കാനായി പ്രത്യേകം ട്രാഫിക് പോലീസിനെ നിയമിച്ചിട്ടുണ്ടെങ്കിലും കാര്യമായിട്ടൊന്നും ചെയ്യാൻ സാധിക്കാറില്ല.
കലൂരിൽനിന്നു പാലം ഇറങ്ങിക്കഴിഞ്ഞുള്ള ആദ്യ യൂടേണിന്റെ ഭാഗത്തെ മാസങ്ങളായുള്ള കുഴിയും വില്ലനായി മാറുന്നുണ്ട്. എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാൻ ഈവഴിയാണ് കൂടുതലായി വാഹന യാത്രക്കാർ തെരഞ്ഞെടുക്കുന്നത്.
കതൃക്കടവ് ജംഗ്ഷനിൽനിന്നു തമ്മനത്തേക്ക് പോകുന്ന റോഡിന്റെ അവസ്ഥയും വ്യത്യസ്തമല്ല. റോഡിന്റെ വശങ്ങളിൽ താഴ്ന്നനിലയിൽ കിടക്കുന്ന കേബിളുകൾ പൊട്ടി റോഡിലേക്ക് വീഴുന്നതും വാഹനയാത്രക്കാരെ വലയ്ക്കുന്നു. ഏറെ നേരമെടുത്താണ് വാഹനയാത്രികർ ലക്ഷ്യത്തിലെത്തുന്നത്. ദീർഘദൂര യാത്രയടക്കം ഏറെനേരം വൈകുന്നതിനും വെള്ളക്കെട്ടും മോശം റോഡും കാരണമാകുന്നു.