കൊച്ചി: കനത്ത മഴയിൽ കൊച്ചിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപാരികൾക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. വ്യാപാര കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന വിവിധ സാധനങ്ങൾ മഴയിൽ കുതിർന്ന് ഉപയോഗ്യശൂന്യമായതും ഫർണീച്ചറുകൾ ഉൾപ്പെടെ നശിച്ചതും നഷ്ടത്തിന്റെ തോത് വർധിപ്പിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. മുന്പൊരിക്കലും ഉണ്ടാകാത്ത തരത്തിൽ നഗരത്തിന്റെ മുക്കിലും മൂലയിലും വെള്ളം കയറിയത് വ്യാപാരികളുടെ ചങ്കിടിപ്പ് വർധിപ്പിച്ചു.
നഷ്ടത്തിന്റെ തോത് കണക്കാക്കി വരികയാണെന്നും ഇന്ന് വൈകിട്ടോടെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ സി.എസ്. അജ്മൽ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണു പ്രാഥമിക കണക്കുകൂട്ടൽ. അവസാനഘട്ട കണക്കുകൾ ലഭ്യമാകുന്പോൾ നഷ്ടത്തിന്റെ തോത് ഉയർന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലചരക്ക്, ഹോട്ടൽ, ബേക്കറി തുടങ്ങി നഗരത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ പ്രളയത്തിൽപോലും വെള്ളം കയറാത്ത സ്ഥലങ്ങളിലാണ് ഇന്നലെ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. തറയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ നഷ്ടമായെന്നു മാത്രമല്ല വ്യാപാര കേന്ദ്രങ്ങളിൽ ചെളിയും അടിഞ്ഞുകൂടിയ നിലയിലാണ്. വെള്ളം ഇറങ്ങിയ സ്ഥലങ്ങളിലെ വ്യാപാരികളും മറ്റും ഇന്ന് രാവിലെ മുതൽക്കേ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച ആരംഭിച്ച മഴ തോരാതെ പെയ്തിറങ്ങിയതാണു കൊച്ചി നഗരത്തെ വെള്ളത്തിൽ മുക്കിയത്.
റോഡുകളെല്ലാംതന്നെ വെള്ളത്തിൽ മുങ്ങുകയും വൈദ്യുതി നിലയ്ക്കുകയും ബസ്, ട്രെയിൻ ഗതാഗതം താറുമാറാവുകയും ചെയ്തത് നഗരവാസികളെയും യാത്രക്കാരെയും ദുരിതക്കയത്തിലേക്ക് തള്ളിവിട്ടു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച മഴ ഇന്നലെ രാവിലെയും തുടർന്നതോടെ ജനങ്ങൾക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി. മഴയും വെള്ളക്കെട്ടും ഇന്നലെ നടന്ന എറണാകുളം നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനെയും സാരമായി ബാധിച്ചു. നഗരത്തിന്റെ മുക്കും മൂലയും വെള്ളത്തിൽ മുങ്ങിയ കാഴ്ചയായിരുന്നു.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡും വെള്ളത്തിൽ മുങ്ങി. ട്രെയിൻ, റോഡ് ഗതാഗതം താറുമാറായതോടെ ഏറെപ്പേർ ദുരിതത്തിലായി. കൊച്ചിയിൽ കുടുങ്ങിപ്പോയ പലർക്കും ഇന്നലെ ഉച്ചയോടെയാണു മടങ്ങാനായത്. ഏറ്റവും തിരക്കേറിയതും ദിവസവും ലക്ഷങ്ങളുടെ ഇടപാടുകൾ നടക്കുന്നിടവുമായ എറണാകുളം മാർക്കറ്റിന്റെ പ്രവർത്തനം ഇന്നു സാധാരണ നിലയിലേക്ക് എത്തുമെന്നാണു വ്യാപാരികളുടെ പ്രതീക്ഷ. ഇവിടെ ഇന്നലെ വ്യാപാരം മന്ദഗതിയിലായിരുന്നു. ഒട്ടുമിക്ക കടകന്പോളങ്ങളും തുറന്നില്ല.
എംജി റോഡ്, ബാനർജി റോഡ്, എസ്എ റോഡ്, മേനക ജംഗ്ഷൻ, നോർത്ത്, പരമാര റോഡ്, കലാഭവൻ റോഡ്, കലൂർ, പുല്ലേപ്പടി, കഐസ്ആർടിസി സ്റ്റാൻഡ്, സലിം രാജ റോഡ്, കടവന്ത്ര, പനന്പിള്ളിനഗർ, വൈറ്റില മേൽപ്പാലത്തിന് സമീപം, ഇടപ്പള്ളി ടോൾ ജംഗ്ഷൻ, ഇടപ്പള്ളി-അരൂർ ദേശീയപാത തുടങ്ങിയ നഗരത്തിന്റെ വിവിധ മേഖലകളിൽ അതിരൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.
ഇവിടങ്ങളിൽനിന്നെല്ലാം പൂർണമായും വെള്ളം ഇറങ്ങിയ നിലയിലാണ്. അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള നടപടികളും അധികൃതർ ആരംഭിച്ചു കഴിഞ്ഞു. വെള്ളം കയറിയതിനെത്തുടർന്ന് കലൂർ സബ്സ്റ്റേഷനിൽനിന്നുള്ള വൈദ്യുതി വിതരണവും തടസപ്പെടുകയും നഗരം ഇരുട്ടിലാകുകയും ചെയ്തു.