കൊച്ചി: എറണാകുളം നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കൊച്ചി കോർപറേഷനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതി. മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ കൊച്ചിയുടെ സ്ഥിതി എന്താകുമായിരുന്നെന്ന് കോടതി ചോദിച്ചു.
വെള്ളക്കെട്ട് പരിഹരിക്കാൻ കോർപറേഷന് ഒറ്റയ്ക്കു സാധിക്കില്ലെങ്കിൽ എന്തുകൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ സഹായം തേടാതിരുന്നതെന്നും കോടതി ചോദിച്ചു.ജില്ലാ ഭരണകൂടം ഇടപെടാത്തതുകൊണ്ടാണ് കോടതിക്ക് ഇടപെടേണ്ടിവന്നത്. കോടതി ജനങ്ങൾക്ക് ഒപ്പമാണെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അതിശക്തമായ മഴയാണ് വെള്ളക്കെട്ടിനു കാരണമെന്ന് കോർപറേഷൻ വീണ്ടും വിശദീകരിച്ചപ്പോൾ അങ്ങനെയെങ്കിൽ തെളിവ് എവിടെയെന്നും കോടതി ചോദിച്ചു. വെള്ളക്കെട്ട് പരിഹരിക്കാൻ സർക്കാരിന് എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്ന് കോടതി അഡ്വക്കറ്റ് ജനറലിനോട് ആരാഞ്ഞു.