കൊച്ചി: കനത്ത മഴയിൽ ജില്ലയിൽ വെള്ളക്കെട്ട് വീണ്ടും വ്യാപകം. കൂടാതെ റോഡുകളുടെ ശോച്യാവസ്ഥ മൂലം ഗതാഗതക്കുരുക്കും രൂക്ഷം. ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും പ്രധാന റോഡുകളെല്ലാം തന്നെ വെള്ളത്തിലായി കഴിഞ്ഞു. കൊച്ചി നഗരത്തിൽ മേനക, എംജിറോഡ്, ഹൈക്കോർട് ജംഗ്ഷൻ, കെഎസ്ആർടിസി, നോർത്ത്- സൗത്ത് റെയിൽവേസ്റ്റേഷൻ പരിസരം, സൗത്ത് ജംഗ്ഷൻ തുടങ്ങിയ ഭാഗങ്ങളില്ലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു തുടങ്ങി.
റോഡുകളിലെ കുണ്ടും കുഴിയും മൂലം വാഹനങ്ങൾ നിരങ്ങി നീങ്ങുന്നതിനാൽ രാവിലെ മുതൽ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നഗരത്തിൽ വൈറ്റില, പാലാരിവട്ടം പൈപ്പ്ലൈൻ, വാഴക്കാല, തേവര ജംഗ്ഷൻ, എംജി റോഡ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളായ തൃപ്പൂണിത്തുറ, കരിങ്ങാച്ചിറ, തിരുവാങ്കുളം ജംഗ്ഷൻ, കാക്കനാട്, സീപോർട്ട് എയർപോർട്ട് റോഡിൽ ഒലിമുഗൾ മുതൽ കളമശേരി വരെയുള്ള ഭാഗങ്ങളിലും, മരട് കുണ്ടന്നൂർ എന്നിവിടങ്ങളിലും രാവിലെ മുതൽ വലിയ ഗതാഗതക്കുരുക്കായിരുന്നു.
മണിക്കൂറുകളോളം യാത്രികർ ഗതാഗതക്കുരുക്കിൽപ്പെട്ടു. ജോലിക്കാരും വിദ്യാർഥികളും ഇതുമൂലം ഏറെ വലഞ്ഞു. പലരും മണിക്കൂറോളം വൈകിയാണ് ഓഫീസുകളിലും വിദ്യാലയങ്ങളിലും എത്തിയത്.
റോഡുകളിലെ വലിയ കുഴികളും ഇതിലെ വെള്ളക്കെട്ടുമാണ് ഗതാഗതം മന്ദഗതിയിലാക്കുന്നത്. തൃപ്പൂണിത്തുറ ഭാഗങ്ങളിൽ റോഡിൽ കുഴികൾ മാത്രമേയുള്ളു. സ്റ്റാച്യൂ ജംഗ്ഷൻ മുതൽ കിഴക്കേക്കോട്ട വരെയുള്ള ഭാഗങ്ങളിലും കരിങ്ങാച്ചിറയിലും തൃപ്പൂണിത്തുറ എരൂർ റോഡും താറുമാറായി കിടക്കുകയാണ്.
തൃപ്പൂണിത്തുറയിൽ നിന്നും നഗരത്തിലേക്ക് എളുപ്പം എത്താവുന്ന എരൂർ റോഡിൽ കെഎസ്ഇബിയുടെ കേബിൾ ഇടുന്നതിനായി കുഴിച്ച റോഡിൽ ഇതുവരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. മാത്തൂർ മേൽപ്പാലം കൂടി വന്നതോടെ നഗരത്തിലേക്കെത്താൻ തൃപ്പൂണിത്തുറ ഭാഗത്തു നിന്നുള്ള ആളുകൾ ഏറെ ആശ്രയിക്കുന്നത് എരൂർ റോഡിനെയാണ്. ഇതിന്റെ ശോച്യാവസ്ഥ മൂലം ഇതിലൂടെയുള്ള ഗതാഗതവും ദുസഹമായിരിക്കുകയാണ്.
തേവര ജംഗ്ഷനിൽ മഴക്കും റോഡുകളുടെ ശോച്യാവസ്ഥയ്ക്കും പുറമേ കൊച്ചിൻ ഷിപ്പ്യാർഡിലേക്കുള്ള വലിയ കപ്പൽ നിർമാണ സാമഗ്രികൾ കയറ്റുന്ന ജോലികൾ നടന്നതിനാലും വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. ഇതുമൂലം പശ്ചിമകൊച്ചിയിൽ നിന്നും നഗരത്തിലേക്കുള്ള യാത്രക്കാർ ഏറെ വലഞ്ഞു.