കൊച്ചി: രണ്ടു ദിവസത്തെ കനത്ത മഴയിൽ കൊച്ചി നഗരം വീണ്ടും വെള്ളക്കെട്ടിലായി. കെഎസ്ആർടിസി സ്റ്റാൻഡ്, ഗാന്ധിനഗർ പി ആൻഡ് ഡി കോളനി, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, മേനക ജംഗ്ഷൻ, എംജി റോഡ്, ഹൈക്കോർട്ട് ജംഗ്ഷൻ, പാലാരിവട്ടം കലൂർ റോഡ് തുടങ്ങി നഗരത്തിലെ പ്രധാനകേന്ദ്രങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഇതേതുടർന്ന് ഗതാഗതക്കുരുക്കും നഗരത്തിൽ രൂക്ഷമായി.
നഗരത്തിൽ നൂറോളം കുടുംബങ്ങൾ താമസിക്കുന്ന പി ആൻഡ് ഡി കോളനിയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇവിടെ വീടുകളിലെല്ലാം വെള്ളം കയറിയതിനെ തുടർന്ന് പ്രദേശവാസികൾ ദുരിതത്തിലായി. ഭക്ഷണം പാകം ചെയ്യാൻ പോലും സാധിക്കാത്ത വിധത്തിലാണ് വീടുകളിൽ വെള്ളം കയറിയിരിക്കുന്നത്.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് കൊച്ചിയിലേക്കെത്തിയ യാത്രക്കാർക്ക് ഏറെ ദുരിതമായി. സ്ത്രീകൾക്കുള്ള കാത്തിരിപ്പു മുറിയിലേക്ക് പ്രവേശിക്കാനാവാത്ത വിധത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
എംജി റോഡ്, മേനക ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം കാനകൾ നിറഞ്ഞ് കവിഞ്ഞ് ഫുട്പാത്തുകൾ കാണാനാവാത്ത വിധത്തിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ഇതേതുടർന്ന് കാൽനടയാത്രക്കാർ ഇതുവഴി നടക്കാനാവുന്നില്ല.
കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയിലാണ്. കൂടാതെ എംജി റോഡിൽ മെട്രോയുടെ നിർമാണവും നടക്കുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. നഗരത്തിലെ ഇടറോഡുകളും മഴയിൽ വെള്ളക്കെട്ടിലായി. ഇതേതുടർന്ന് ഈ റോഡുകളിലൂടെ കയറിയ ഇരുചക്രവാഹന യാത്രികരും കുടുങ്ങി. കടവന്ത്ര-വൈറ്റില റോഡിലും വെള്ളം നിറഞ്ഞിട്ടുണ്ട്. ബസ് സ്റ്റോപ്പുകൾ വെള്ളക്കെട്ടിലായതിനാൽ ബസ് ഇറങ്ങുന്നതിനും കയറുന്നതിനും യാത്രക്കാർ ഏറെ ബുദ്ധിമുട്ടി.