കുന്നിക്കോട് : ഓടകള്‍ക്ക് നവീകരണം ഇല്ല.മഴയായാല്ശാസ്ത്രി ജംഗ്ഷനില്‍ വെള്ളം നിറയും.കൊല്ലം തിരുമംഗലം ദേശീയപാതയില്‍ കുന്നിക്കോട് ശാസ്ത്രി ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു.കാല്‍നടയാത്ര പോലും ദുസഹമാക്കിയാണ് പാതയില്‍ വെള്ളം നിറയുന്നത്. ചെറിയ മഴ പോലും ജംഗ്ഷനില്‍ വെള്ളക്കെട്ട് സൃഷ്ടിക്കുന്നതിനാല്‍ യാത്രക്കാരും വ്യാപാരികളും ഒരുപോലെ ബുദ്ധിമുട്ടുകയാണ്.
ഓടകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം.വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഓടകള്‍ നവീകരിച്ചത്.എന്നിട്ടും വെള്ളക്കെട്ടിന് പരിഹാരമായില്ല. വ്യാപാര സ്ഥാപനങ്ങളിലെ അവശിഷ്ടങ്ങളും,ഹോട്ടലുകളിലെ ഭക്ഷണാവശിഷ്ടങ്ങളും ഓടയ്ക്കുള്ളിലാണ് നിക്ഷേപിക്കുന്നത്.ഇത് ഓടയിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിന് തടസമാകുന്നു.ഓടകള്‍ നിറഞ്ഞ് മലിനജലം പുറത്തേക്കൊഴുകുമ്പോള്‍ അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നതിനും ഇത് കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു.
റോഡ് വശങ്ങളിലൂടെ നടന്നുപോകുന്നവരും,ഇരുചക്രവാഹനയാത്രികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാനോ,ഇറങ്ങാനോ കഴിയാത്ത സ്ഥിതിയാണ്.ഇത് വ്യാപാരത്തെയും കാര്യമായി ബാധിക്കുന്നെന്ന് വ്യാപാരികള്‍ പറയുന്നു.വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്.
ശുചീകരണവുമായി ബന്ധപ്പെട്ട് ദേശീയ പാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും രണ്ട് തട്ടിലാണ്.ഇതും ഓട നവീകരണ,ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകമാകുന്നതായും ആക്ഷേപമുണ്ട് .ഓടകളുടെ ശുചീകരണം നടത്തി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് വ്യാപാരികളും,യാത്രക്കാരും ആവശ്യപ്പെടുന്നു.