കോഴിക്കോട്: കാലവര്‍ഷമെത്തി നിമഷങ്ങള്‍ക്കുള്ളില്‍ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്. ഫുട്പാത്തിലൂടെ പോലും നടക്കാനാവാത്ത വിധത്തിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നത്. ഇതോടെ മഴ ശക്തിപ്രാപിക്കും മുമ്പേ തന്നെ കാല്‍നടയാത്രക്കാര്‍ ദുരിതത്തിലായി. നഗരത്തിന്റെ ഹൃദയഭാഗമായ മാനാഞ്ചിറയ്ക്കു ചുറ്റുമുള്ള ഡിഡിഇ ഓഫീസിന് പരിസരത്തും , ജില്ലാ സ്പോട്സ് കൗൺസിൽ ഓഫീസിനു മുന്നിലും, ശ്രീകണ്ഠശ്വരക്ഷേത്രം ക്രോസ് റോഡിലും ,എല്‍ഐസി ബസ്റ്റോപ്പിന് സമീപത്തുമുള്പ്പെടെ ഡസൻകണക്കിന് സ്ഥലങ്ങളിലാണ് വെള്ളം ഒഴുകി പോവാനാവാതെ കെട്ടികിടക്കുന്നത്.
സെൻട്രൽ ലൈബ്രറിയ്ക്ക് താഴെ ചെറിയ മഴ പെയ്താല്‍ പോലും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണുള്ളത്. സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിന് മുന്‍വശം വലിയ പുഴയുടെ രൂപത്തിലാണ് റോഡിലൂടെ മഴവെള്ളം പരന്നൊഴുകുന്നത്. വാഹനങ്ങൾ കടന്നുപോകുന്പോൾ തിരമാലകണക്കെ ഉയരുന്ന ചളിവെള്ളം സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിലേക്കും എതിർവശത്തെ കടകളിലേക്കും ഇരന്പിയെത്തുന്നു.
ബീച്ച് റോഡിലുമെല്ലാം സമാനമായ അവസ്ഥയാണുള്ളത്. പലയിടത്തും ഫുട്പാത്തിനോടും ചേര്‍ന്നും റോഡിനോടു ചേര്‍ന്നുമാണ് വെള്ളം കെട്ടികിടക്കുന്നത്. പോലീസ് കണ്ട്രോള് റൂം ഗേറ്റിന് മുന്‍വശത്തും പോലീസ് കാന്റീന് സമീപത്തുമെല്ലാം ഫുട്പാത്തിനോട് ചേര്‍ന്ന് വെള്ളം കെട്ടികിടക്കുന്നു. ദേശീയപാതയിൽ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന്റെ മുന്നിൽ മാനാഞ്ചിറ മൈതാനത്തോടുചേർന്ന ഫുട്പാത്തിനടുത്തും വെള്ളം കെട്ടികിടക്കുന്നു.. ഈ വെള്ളക്കെട്ടിലൂടെ മാത്രമേ കാല്‍നടയാത്രക്കാര്‍ക്ക് പോവാന്‍ സാധിക്കുകയുള്ളൂ.
കണ്ട്രോള് റൂം പരിസരത്തു നിന്നും മറ്റും എപ്പോഴും വാഹനങ്ങള്‍ കടന്നുവരുന്നതിനാല്‍ കാല്‍നടയാത്രക്കാരുടെ ദേഹത്താണ് കെട്ടികിടക്കുന്ന വെള്ളം പതിക്കുന്നത്. മഴവെള്ളത്തിന് അഴുക്കുചാലിലേക്ക് ഒഴുകിപോവാനുള്ള സൗകര്യമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. ഡിഡിഇ ഓഫീസിനോടു ചേർന്ന പ്രൈമറി സ്കൂളിനുമുന്നിൽ ചളിക്കുളമാണ്. ഇതു ചാടിക്കടന്നുവേണം പിഞ്ചുവിദ്യാർഥികൾക്ക് സ്കൂളിലെത്താൻ. ഡിഡിഇ ഓഫീസിലേക്ക് കടക്കണമെങ്കിലും വെള്ളക്കെട്ട് ചാടിക്കടക്കണം.
മഴക്കാലത്തിനു മുമ്പേ തന്നെ ഓടകള്‍ ശുചീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും അത് വേണ്ടത്ര ഫലപ്രദമായിട്ടില്ല. ഇനിയും മഴശക്തമാവുന്നതോടെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാവുമെന്നാണ് കാല്‍നടയാത്രക്കാര്‍ പറയുന്നത്. വര്‍ഷങ്ങളായി വെള്ളക്കെട്ടനുഭവിക്കുന്ന ശ്രീകണേ്ഠശ്വര ക്ഷേത്രത്തിന് സമീപത്തുകൂടിയുള്ള റോഡിലും ഇത്തവണ യാതൊരു സംവിധാനവും ഒരുക്കിയിട്ടില്ല. ഓടകളില്‍ നിന്നുള്ള മണ്ണെടുത്തിട്ടുണ്ട്.
റോഡിന്റെ ഉയരം കൂട്ടാനാവാത്തതിനാല് ഇവിടെ ഇത്തവണയും വെള്ളം കെട്ടിനില്ക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. മാവൂർറോഡിലാകട്ടെ കക്കൂസ് മാലിന്യമടക്കം റോഡിൽ പരന്നൊഴുകുകയാണ്. യുകെ ശങ്കുണ്ണിറോഡിൽ നിന്ന് മാവൂർറോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് കക്കൂസ് മാലിന്യങ്ങൾ റോഡിലാകെ ചിതറിക്കിടക്കുന്നു. മൂക്കുപൊത്തതെ ഇതിലെ യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്.