വെള്ളിക്കുങ്ങര: മഴക്കാലമായതോടെ വെള്ളിക്കുളങ്ങര കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്കുന്നവർക്ക് റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. ഒന്പതുവർഷത്തോളമായി മഴക്കാലത്ത് അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരമുണ്ടാക്കാൻ അധികാരികൾ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.
കോടശേരി, മറ്റത്തൂർ പഞ്ചായത്തുകളിലായുള്ള ഇരുപത്തിനാലായിരത്തോളം ഉപഭോക്താക്കളാണ് വെള്ളിക്കുളങ്ങര ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ളത്. ഇവർക്ക് വൈദ്യുതി സംബന്ധമായ കാര്യങ്ങൾ നിർവഹിച്ചുകിട്ടണമെങ്കിൽ വെള്ളിക്കുളങ്ങരയിലെ ഈ ഓഫീസിലെത്തണം. വെള്ളിക്കുളങ്ങര ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ കോടശേരി പഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ചിട്ടുള്ള വെള്ളിക്കുളങ്ങര 33 കെ.വി. സബ്സ്റ്റേഷൻ കോന്പൗണ്ടിലാണ് സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നത്.
നേരത്തെ വെള്ളിക്കുളങ്ങര ജംഗ്ഷനിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സെക്ഷൻ ഓഫീസ് സബ്സ്റ്റേഷൻ വന്നപ്പോഴാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. വെള്ളിക്കുളങ്ങര കോർമല റോഡിൽ നിന്ന് കഷ്ടിച്ച് 100 മീറ്റർ അകലെയുള്ള സബ്സ്റ്റേഷനിലേക്കും സെക്ഷൻ ഓഫീസിലേക്കും മണ്റോഡാണ് നിലവിലുള്ളത്.
വേണ്ടത്ര വീതിയോ മഴ വെള്ളം ഒഴുകിപോകാനുള്ള സംവിധാനമോ ഇല്ലാത്തതിനാൽ വർഷക്കാലമായാൽ ഈ മണ്റോഡിൽ വെള്ളക്കെട്ടാണ്. ബില്ലടക്കാനും മറ്റാവശ്യങ്ങൾക്കുമായി വരുന്നവർ വെള്ളക്കെട്ട് താണ്ടിവേണം ഓഫീസിലെത്താൻ. ബില്ലടക്കാൻ എത്തുന്ന വയോധികരും സ്ത്രീകളും ഈ റോഡിലെ ചളിക്കുഴിയിൽ തെന്നിവീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു
ഈ വഴിയിലൂടെ സബ്സ്റ്റേഷനിലേക്കാവശ്യമായ വൈദ്യുതിസാമഗ്രികൾ കൊണ്ടുവരുന്നതിനും ജീവനക്കാരുടെ വാഹനങ്ങൾ കൊണ്ടുപോകുന്നതിനും ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ജനങ്ങളുടെ ദുരിതം കണ്ടിട്ടും റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കാൻ നടപടിയെടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ജനങ്ങളുടെ ആരോപണം.