ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കാർഡിയോ വിഭാഗം ഐസിയുവിൽ വെള്ളക്കെട്ട്. തീവ്രപരിചരണ വിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന എയർ കണ്ടീഷന്റെ പൈപ്പ് തകർന്നതിനാൽ വൈദ്യുതി ബന്ധം നിലയ്ക്കുന്പോൾ കെട്ടിക്കിടക്കുന്ന വെള്ളം ഐ സി യുവിന്റെ വാതിലിന്റെ മുൻവശത്ത് വീഴുന്നതാണ് വെള്ളക്കെട്ടിനു കാരണം. ഇതു രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരും വാർഡുകളിലും ഐസിയുവിലും കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാരും വെള്ളക്കെട്ടിൽ ചവുട്ടി വേണം അകത്തേക്ക് പ്രവേശിക്കാൻ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കാർഡിയോളജി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലാണ് വെള്ളം ചോർന്നു വീഴുന്നത്.
പ്രധാന ഐസിയുവിലേക്കും ശസ്ത്രക്രിയ തിയറ്ററിലേക്കും കാൽ നനയാതെ ഡോക്ടർമാർക്കും ജീവനക്കാർക്കും പ്രവേശിക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഉണ്ടായ മഴയെ തുടർന്ന് വൈദ്യുതി ബന്ധം നിലച്ചപ്പോൾ വെള്ളം ചോർന്ന് തറയിൽ വീണ് ഒഴുകുകയായിരുന്നു. എപ്പോൾ വൈദ്യതി ബന്ധം നിലയ്ക്കുന്നുവോ അപ്പോഴൊക്കെ വെള്ള ത്തിന്റെ ചോർച്ച ഉണ്ടാകും.
ജീവനക്കാരെത്തി വളരെ പ്രയാസപ്പെട്ടാണ് വെള്ളം കോരിയും തുടച്ചും കളയുന്നത്. പ്രധാന ഐസിയുവിൽ ഗുരുതരമായി കഴിയുന്ന രോഗികൾക്ക് രോഗം ഭേദമാകുന്നതനുസരിച്ച്, രണ്ട്, മൂന്ന് ഐസിയുവിലേക്ക് മാറ്റും. ഇവിടെ നിന്നുമാണ് പിന്നീട് വാർഡുകളിലേക്ക് രോഗികളെ മാറ്റുന്നത്. രണ്ടാം ഐസിയുവിന്റെ വാതലിനു മുൻവശത്താണ് വെള്ളം വീഴുന്നത്. എയർകണ്ടീഷൻ തകരാർ പരിഹരിച്ചാലേ ഈ വെള്ളം വീഴ്ച മാറ്റാനാവൂ.