ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ട്രോമാകെയർ യൂണിറ്റിന് സമീപം വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുശല്യം രൂക്ഷമാകാൻ കാരണമായി. സൂപ്രണ്ട്, മേട്രൻ ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്നതിനു സമീപം പ്രവർത്തിക്കുന്ന ട്രോമ കെയർ യൂണിറ്റിന്റെ പിൻഭാഗത്ത് രോഗികളുടെ കൂട്ടിരിപ്പുകാർ വിശ്രമിക്കുന്ന സ്ഥലത്താണ് വെള്ളം കെട്ടിക്കിടക്കുന്നത്.
ഇതുമൂലം കൂത്താടിയുടെയും കൊതുകിന്റെയും ശല്യം രൂക്ഷമായതായി രോഗികളുടെ ബന്ധുക്കൾ പറയുന്നു. 15 കിടക്കകൾ മാത്രമുള്ള ട്രോമാകെയർ യൂണിറ്റിൽ 10വെന്റിലേറ്റർ സൗകര്യമുണ്ട്. രോഗികളുടെ കുട്ടിരിപ്പുകാർക്ക് ഈ വാർഡിന്റെ പിൻഭാഗത്ത് വിശ്രമിക്കുന്നതിനായി പി എം ആർ കെട്ടിടത്തിന്റെ താഴെയായി കസേരകൾ സജ്ജീകരിച്ചിട്ടുണ്ട്.
എന്നാൽ ഇവിടെ രാത്രിയിലും പകലും വിശ്രമിക്കുവാൻ പോലും കഴിയാത്ത തരത്തിൽ കൊതുക് ശല്യം രൂക്ഷമാണ്. ഈ തീവ്രപരിചരണ യൂണിറ്റിന്റെ പിൻഭാഗത്തെ വാതിലിൽക്കൂടിയാണ് ആവശ്യ സമയങ്ങളിൽ രോഗികളുടെ ബന്ധുക്കളെ രോഗികളെ പരിചരിക്കാൻ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.
ഈ കെട്ടിടത്തിന്റെ സമീപവും വെള്ളം കെട്ടിക്കിടക്കുകയാണ്. ആശുപത്രി പരിസരത്തെ വിവിധ തരത്തിലുള്ള മാലിന്യവും കെട്ടിക്കിടക്കുന്നതിനാൽ ഇവ നീക്കം ചെയ്ത് പരിസരം വൃത്തിയാക്കിയാൽ കൊതുക് ശല്യം ഒഴിവാകും.
വീടുകളിലെ ചിരട്ടയിലോ ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളിലോ മഴവെള്ളം കെട്ടി നിന്നാൽ കൊതുക് ശല്യം ഉണ്ടാകുമെന്നും അതുമൂലം വിവിധ തരത്തിലുള്ള രോഗം പടരുമെന്നും പറയുന്ന ആരോഗ്യ പ്രവർത്തകർ തങ്ങൾക്കും കൂടി ഉത്തരവാദിത്വമുള്ള മെഡിക്കൽ കോളജ് ആശുപത്രിയുടെ തീ വ്രപരിചരണ ഭാഗത്തു കെട്ടിക്കിടക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കാനെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.