വൈപ്പിൻ: കനത്ത മഴയിൽ വാർഡിൽ വെള്ളക്കെട്ട് രൂക്ഷമായിപ്പോൾ വാർഡ്മെംന്പർ തന്നെ മുന്നിട്ടിറങ്ങി കാനയിലും, തോട്ടിലും നീരൊഴുക്ക് തടഞ്ഞ മണലും പ്ലാസ്റ്റിക്കുകളും ചവറുകളും വാരി മാറ്റി. വനിതാ പഞ്ചായത്തംഗമായി പതിനഞ്ചാം വാർഡിലെ മിനി രാജുവാണ് മറ്റ് അംഗങ്ങൾക്ക് മാതൃക കാണിച്ച് മണ്‍വെട്ടിയും തോട്ടിയുമായി വെള്ളക്കെട്ട് മാറ്റാൻ രംഗത്തിറങ്ങിയത്.
ഞാറക്കൽ കടക്കര ക്ഷേത്രത്തിനു പടിഞ്ഞാറ് അഞ്ചോളം വീടുകളും ഈ ഭാഗത്തെ പറന്പും വെള്ളത്തിൽ മുങ്ങിയെന്ന് സ്ഥലവാസികൾ വിളിച്ചറിയിച്ചിനെ തുടർന്ന് സ്ഥലത്തെത്തിയ മെന്പർ കാനയും തോടും ചവറുകൾ നിറഞ്ഞ് കിടക്കുന്നതായി കണ്ട് കൂട്ടത്തിലൊരു വീട്ടമ്മയേയും കൂട്ടി നിസങ്കോചം ചവറുകൾ നീക്കുകയാണ് ചെയ്തത്. ഇതോടെ ഈ ഭാഗത്തെ വെള്ളക്കെട്ടിനു ശമനം കിട്ടുകയും ചെയ്തു.
മഴവെള്ളം ഒഴുകിപ്പോയിരുന്ന സ്വകാര്യ തോടുകൾ പലതും കെട്ടിയടച്ച് വീതി കുറച്ചിരിക്കുന്നതാണ് ഇവിടത്തെ വെള്ളക്കെട്ടിന്റെ പ്രധാന കാരണം. ഇവിടെ നിന്നും പടിഞ്ഞാറോട്ട് പോകുന്തോറും വെള്ളക്കെട്ട് രൂക്ഷമാണ്. കഴിഞ്ഞ വർഷം വാർഡിൽ തെരുവ് നായ ശല്യം ഉണ്ടായപ്പോൾ ആക്രമകാരികളായ തെരുവുനായകളെ പരസ്യമായി പിടികൂടി കൊല്ലുകയും പോലീസ് വന്നപ്പോൾ അറസ്റ്റ് വരിക്കുകയും ചെയ്തയാളാണ് പതിനഞ്ചാം വാർഡംഗം.