നെടുമങ്ങാട് : പഴകുറ്റി കല്ലമ്പാറയ്ക്കു സമീപത്തെ വിവാഹമണ്ഡപത്തിനു മുന്നിലുള്ള വെള്ളക്കെട്ട് വ്യാപാരികൾക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും ദുരിതമാകുന്നു. റോഡിന്റെ ഒരുവശം മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴിയായി മാറിയതോടെ മഴയിൽ ഇവിടെ വെള്ളം കെട്ടി നില്‍ക്കുകയാണ്.
വാഹനങ്ങള്‍ വെള്ളത്തിലിറങ്ങുമ്പോള്‍ സമീപത്തെ കടകളിയേക്ക് വെള്ളം തെറിച്ചു വീഴുന്നതിനാല്‍ മഴയുള്ള ദിവസങ്ങളില്‍ കച്ചവടക്കാര്‍ കടകള്‍ തുറക്കാറില്ല. ഇരുചക്രവാഹനങ്ങളില്‍ വരുന്ന യാത്രക്കാര്‍ കുഴിയുടെ ആഴമറിയാതെ വെള്ളക്കെട്ടിലേയ്ക്കിറങ്ങുമ്പോള് അപകടം സംഭവിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ കടയുടമകള്‍ പൊതുമരാമത്തിന് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
തിരുവനന്തപുരം- തെങ്കാശിപാതയിലെ പ്രധാനകവലയാണ് പഴകുറ്റി. ഇളവട്ടം, അഴീക്കോട്, പതിനൊന്നാംകല്ല് തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളും നിരന്തര അപകടങ്ങള്‍ക്ക് കാരണമാവുകയാണ്.