പന്തളം: ശക്തമായ മഴയിൽ പന്തളത്തെ ഇടറോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. ശക്തമായ മഴയിലുണ്ടാകുന്ന വെള്ളക്കെട്ട് കാരണം ഇടറോഡുകളെല്ലാം തടാകങ്ങൾക്കും നീർച്ചാലുകൾക്കും സമമാകുന്നത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്.
പെയ്തിറങ്ങുന്ന മഴവെള്ളം ഒലിച്ചുപോകാൻ ഓടകളില്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. മിക്ക റോഡുകളുടെയും ഇരുവശങ്ങളും ഐറിഷ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതിനാൽ ദിവസങ്ങളോളമാണ് മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നത്. ഇതു മൂലം ഇതു വഴിയുള്ള കാൽനടയാത്രയും ബുദ്ധിമുട്ടിലായി.
പന്തളം – മാവേലിക്കര റോഡിൽ പന്തളം ചന്തയ്ക്കു സമീപം റോഡിലെ വെള്ളക്കെട്ട് കച്ചവടക്കാർക്കും സമീപവാസികൾക്കും ഏറെ ദുരിതം വിതയ്ക്കുന്നത് പുഴുക്കളുടെ രൂപത്തിലാണ്. ഇവിടെയുള്ള ഓടകളിൽ വെള്ളം നിറഞ്ഞു കവിഞ്ഞ് അതിൽ നിന്നും വലിയ പുഴുക്കളാണ് സമീപത്തെ കടകളിലേക്കും വീടുകളിലേക്കും കയറുന്നത്.
റോഡിന്റെ വശങ്ങളിലുള്ള പല ഹോട്ടലുകളിലെയും അവശിഷ്ടങ്ങളും ശൗചാലയ മാലിന്യങ്ങളും ഓടകളിലേക്ക് ഒഴുക്കിവിടുന്നതു കാരണമാണ് പുഴുക്കൾ പെരുകുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. ഇക്കാര്യം പിഡബ്ല്യുഡി, നഗരസഭാ അധികൃതരെ നിരവധി തവണ അറിയിച്ചെങ്കിലും ഇവരും അത്തരക്കാർക്കു കൂട്ടുനില്‍ക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.