തൃശൂർ: നഗരത്തോടു ചേർന്നു കിടക്കുന്ന അയ്യന്തോൾ ഉദയനഗർ, പുഴക്കൽ പ്രിയദർശിനി, മൈത്രിനഗർ, പുതൂർക്കര, പുല്ലഴി മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഈ പ്രദേശങ്ങളിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ റോഡ് ഉപരോധ സമരം നടത്തി. ജില്ലാ കളക്ടർ എത്തി തടസങ്ങൾ എന്തെന്നു പരിശോധിക്കുകയും തടസങ്ങൾ നീക്കം ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തശേഷമാണ് സമരം അവസാനിപ്പിച്ചത്.
മഴ കുറഞ്ഞിട്ടും ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം വർധിക്കുകയാണുണ്ടായതെന്നാണു നാട്ടുകാരുടെ പരാതി. ഈ പ്രദേശത്തെ വെള്ളം പടിഞ്ഞാറോട്ട് ഒഴിഞ്ഞുപോകുന്നില്ല. തടസങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ജനങ്ങൾ ഉപരോധ സമരം നടത്തി. കോണ്ഗ്രസ് കൗണ്സിലർ എ. പ്രസാദിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറെ അറിയിച്ചതിനെത്തുടർന്ന് കളക്ടർ എസ്. ഷാനവാസ് എത്തി പരിശോധന നടത്തി. അനിൽ അക്കര എംഎൽഎയും സ്ഥലത്തെത്തിയിരുന്നു.
വെള്ളക്കെട്ടിനു കാരണമാകുന്ന തടസങ്ങൾ കണ്ടെത്തി ഇന്നു രാവിലെ പൊളിച്ചുനീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വളയംകെട്ടും ബണ്ടുകളും പൊട്ടിച്ചു വെള്ളം തുറന്നുവിടാത്തതുമൂലമാണു നെടുപുഴ അടക്കമുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഒഴിയാത്തതെന്ന് ആരോപിച്ച് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കഴിഞ്ഞദിവസം ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ ശാസിച്ചിരുന്നു.
ബണ്ടുകൾ പൊട്ടിച്ചാൽ കോൾകൃഷിയും മൽസ്യകൃഷിയും നശിക്കും. കൃഷിനാശം സംഭവിക്കുന്നവർക്കു നഷ്ടപരിഹാരം ഉറപ്പാക്കി ബണ്ടു പൊട്ടിച്ചും സ്ലൂയിസുകൾ തുറന്നുവിട്ടും പ്രളയജലം ഒഴിവാക്കുകയാണു പോംവഴി. ഏനാമ്മാവ് കനാലിലേക്കു വെള്ളമെത്തുന്ന പഞ്ചിക്കൽ – പുല്ലഴി – ഏനാമ്മാവ് ബണ്ടുകളും തടയണകളും കഴകളും ഭാഗികമായി പൊട്ടിച്ചിട്ടും വെള്ളം കുറഞ്ഞിരുന്നില്ല. ബണ്ടുകൾ പൊട്ടിച്ചും സ്ലൂയിസുകൾ തുറന്നും വെള്ളം തുറന്നാൽ പുത്തൻകോൾ, ഏനാമ്മാവ് വഴി കടലിലേക്കു വെള്ളത്തെ പുറന്തള്ളാനാകും.
യഥാർഥത്തിൽ വെള്ളം ഒഴിഞ്ഞുപോകാനുള്ള തടസം എന്തെന്നു കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല. കണ്ടെത്താൻ വിദഗ്ധരെ എത്തിച്ചു പരിശോധന നടത്തി തടസങ്ങൾ കണ്ടെത്താമെന്നും വെള്ളം ഒഴുക്കിവിടാൻ നടപടിയുണ്ടാകുമെന്നുമാണ് കളക്ടർ നാട്ടുകാർക്കു നൽകിയ ഉറപ്പ്. ഒരു മണിക്കൂറിനകം തടസങ്ങൾ പൊളിക്കാൻ സാധിക്കുമെന്നു പറഞ്ഞെങ്കിലും പിന്നീട് സമരക്കാരുടെ ഉൾപ്പെടെ സമ്മതത്തോടെ ഇന്നു രാവിലത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.
ഇരുട്ടുവീണതായിരുന്നു പ്രധാന കാരണം. ഇതിനുപുറമേ സാധാരണ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വെള്ളം നിറഞ്ഞ സ്ഥലത്ത് ഇറങ്ങാനാവില്ല. ഇന്ന് ഫ്ളോട്ടിംഗ് മണ്ണുമാന്തിയന്ത്രം എത്തിച്ച് വെള്ളത്തിൽ ഇറങ്ങി തടസങ്ങൾ നീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ ഏഴിന് വാട്ടർ ലെവൽ പരിശോധിച്ചശേഷമായിരിക്കും നടപടി.