കൂത്താട്ടുകുളം: ആശുപത്രി പരിസരത്തെ വെള്ളക്കെട്ട് രോഗികളടക്കമുള്ളവർക്ക് ദുരിതമാകുന്നു. തിരുമാറാടി ഗവ. ആശുപത്രിക്കു മുന്നിലെ വെള്ളക്കെട്ടാണ് രോഗികൾക്ക് ദുരിതമായിമാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടു മൂലം ആശുപത്രിയിലേക്ക് കയറാൻ പറ്റാത്ത അവസ്ഥയാണ്. സാമൂഹ്യ ആരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ വൈകുന്നേരം ആറു വരെ ഇവിടെ സേവനം ലഭ്യമാണ്.
ഇതോടെ ദിവസവും ഇവിടെ നിരവധി രോഗികളാണെത്തുന്നത്. വെള്ളക്കെട്ടുമൂലം സ്ത്രീകളും വൃദ്ധരുമടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടിയാണ് ആശുപത്രിയിലേക്ക് കയറുന്നത്. പഞ്ചായത്ത് നടത്തിയ വിവിധ നിർമാണ പ്രവൃത്തികളിലെ അപാകതയാണ് വെള്ളക്കെട്ടിനു കാരണമെന്ന് നാട്ടുകാർ പറയുന്നത്.
ടാഗോർ ഹാളിലേക്കും ആശുപത്രിയിലേക്കും കടക്കുന്ന ഭാഗത്ത് രണ്ട് ലോഡിലേറെ മണ്ണ് കൂട്ടിയിട്ടിരിക്കുന്നതാണ് വെള്ളക്കെട്ടുണ്ടാകാൻ പ്രധാന കാരണം. വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.