തിരുവല്ല: വാച്ചാൽ തോട് കെട്ടിയടച്ചതു മൂലം വെള്ളക്കെട്ട് പതിവായ പെരിങ്ങര 11-ാം വാർഡിലെ അറുപതോളം കുടുംബങ്ങൾ പകർച്ചവ്യാധി ഭീഷണിയിൽ. പണിക്കോട്ടിൽ, ആശാരിപറമ്പിൽ, പടിയറ ഭാഗത്തെ കുടുംബങ്ങളാണ് കഴിഞ്ഞ ഒരു മാസക്കാലത്തിലേറെയായി വിട്ടുകൾക്ക് ചുറ്റും നിലനിൽക്കുന്ന വെള്ളക്കെട്ടു മൂലം ദുരിതത്തിലായിരിക്കുന്നത്.
പെരിങ്ങര- പണിക്കോട്ടിൽ, പഞ്ചായത്ത് പടി – പടിയറ റോഡുകളിലും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട്. പകർച്ചപ്പനി, അതിസാരം, ഛർദി, വയറിളക്കം എന്നിവ ബാധിച്ച് കുട്ടികളും വയോധികരുമടക്കം നിരവധി പേരാണ് പ്രദേശത്ത് നിന്നും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും താലൂക്ക് ആശുപത്രിയിലുമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടിയത്.
കെട്ടി നിൽക്കുന്ന മലിനജലം എലിപ്പനിയും ഡെങ്കിപ്പനിയും അടക്കമുള്ള സാംക്രമിക രോഗ ഭീതിയും ഉയർഞ്ഞുന്നുണ്ട്.
വെള്ളം കെട്ടി നിൽക്കുന്നത് പ്രദേശത്തെ കപ്പ, വാഴ, പച്ചക്കറികൾ തുടങ്ങിയ കാർഷിക വിളകളുടെ നാശത്തിനും കാരണമായിട്ടുണ്ട്. മൂന്നോന്നിൽ ഭാഗത്ത് നിന്നും പെരിഞ്ചാത്ര ഭാഗത്തേക്ക് വെള്ളം ഒഴുകി പോകേണ്ട വാച്ചാൽ തോട് സ്വകാര്യ വ്യക്തി കെട്ടിയടച്ചതും തോടിന്റെ ചില ഭാഗങ്ങൾ വ്യക്തികൾ കൈയേറിയതുമാണ് വെള്ളക്കെട്ട് നിലനിൽക്കാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.
കെട്ടിയടച്ചതും കൈയേറിയതുമായ വാച്ചാൽ പുനഃസ്ഥാപിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് നാട്ടുകാർ. വാച്ചാലുകൾ വീണ്ടെടുക്കുന്നതിനായുള്ള ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകുമെന്ന് വാർഡ് മെംബർ പി. ജി. പ്രകാശ് പറഞ്ഞു.