തൃശൂർ: നഗരത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് മനുഷ്യനിർമിതമാണെന്നും ഇതിനു പരിഹാരമുണ്ടാക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു കോർപറേഷൻ കൗണ്സിലർ എ.പ്രസാദ് നൽകിയ ഹർജിയിൽ ആറാഴ്ചയ്ക്കകം വിദഗ്ധ സമിതി രൂപീകരിച്ച് റിപ്പോർട്ട് തയാറാക്കാൻ ഹൈക്കോടതി നിർദേശം.
മഴ പെയ്തുതോർന്നാലും തൃശൂർ നഗരത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് മനുഷ്യനിർമിതമാണെന്നും ഇതിനു കാരണമാകുന്നതു തൃശൂർ കോൾമേഖലയിലെ അനധികൃത നിർമാണങ്ങളാണെന്നും അശാസ്ത്രീയമായ ബണ്ട്, പാലം, കെട്ട് എന്നിവയുടെ നിർമാണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് എ. പ്രസാദ് അഡ്വ. രാഗേഷ്് ശർമ മുഖേന ഹർജി സമർപ്പിച്ചത്.
തൃശൂർ നഗരവാസികൾ മഴക്കാലത്തനുഭവിക്കുന്നതു യാതനയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി വെള്ളക്കെട്ട് സംബന്ധിച്ച് ഉന്നയിച്ച വിഷയം യാഥാർഥ്യമാണെന്നും വിഷയം ഹർജിക്കാരനെ മാത്രമല്ല ഒരു നാടിനെത്തന്നെ ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചു. വളരെ ഗൗരവത്തോടുകൂടി സർക്കാർ ഈ വിഷയത്തെ നോക്കിക്കാണണമെന്നും ഹൈക്കോടതി നിർദേശിച്ചു.
മഴ മാറിയിട്ടും തൃശൂർ നഗരത്തിലെ അയ്യന്തോൾ, ഉദയനഗർ, മൈത്രി പാർക്ക്, പ്രിയദർശിനി ഹൗസിംഗ് കോളനി, ചേറ്റുപുഴ, പുല്ലഴി, പെരിങ്ങാവ്, ചെന്പുക്കാവ്, പൂങ്കുന്നം തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ആഴ്ചകളോളം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിനെ സംബന്ധിച്ച് കഴിഞ്ഞദിവസം ഹൈക്കോടതി സർക്കാരിന്റെ വിശദീകരണമാരാഞ്ഞിരുന്നു.
കോൾപാടങ്ങളിലെ അനധികൃത നിർമാണങ്ങളും കാനകളും കനാലുകളും മണ്ണിട്ടു മൂടുന്നതും ജലമൊഴുകി പോകേണ്ട കനാലുകളിലെ കുളവാഴ ശല്യവും, ജലത്തിന്റെ സ്വാഭാവികമായ ഒഴുക്കിനനുസരിച്ച് ഇടിയഞ്ചിറ, ഏനാമാവ് റഗുലേറ്ററ്റുകൾ പ്രവർത്തിപ്പിക്കാനാകാത്തതുമുൾപ്പെടെയുള്ള കാരണങ്ങൾ വിശദീകരിച്ചുകൊണ്ടാണ് എ.പ്രസാദ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സംസ്ഥാന ജലവിഭവ വകുപ്പ് സെക്രട്ടറിയെ സ്വമേധയാ ഹർജിയിൽ പ്രതിചേർത്ത ഹൈക്കോടതി സമയബന്ധിതമായി വിദഗ്ധ സമിതി രൂപീകരിക്കാനും ഹർജിക്കാരൻ ഉന്നയിച്ച കാര്യങ്ങളിൽ പഠനം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. തൃശൂർ ജില്ലയുടെ ജലവിനിയോഗത്തെ സംബന്ധിച്ച് ദീർഘകാലത്തേക്കുള്ള പഠനവും ആക്ഷൻ പ്ലാനും രൂപീകരിക്കുന്നതിനും ഹൈക്കോടതി നിർദേശം നൽകി.