വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത കടന്നുപോകുന്ന മുടപ്പല്ലൂർ ജംഗ്ഷൻ വെള്ളക്കെട്ടിൽ മുങ്ങി. രാവിലെ പെയ്ത കനത്തമഴയിൽ വെള്ളംപൊങ്ങി കാൽനടയാത്രയും വാഹനഗതാഗതവും ദുഷ്ക്കരമായി. പല കടകളിലേക്കും വെള്ളംകയറി വ്യാപാരികൾക്കും വലിയ നഷ്ടം ഉണ്ടാകുകയാണ്.
അഴുക്കുചാലുകളിലെ ദുർഗന്ധം വമിക്കുന്ന മലിനജലം റോഡിലേക്ക് ഒഴുകി ടൗണിൽ നില്ക്കാനാകാത്ത സ്ഥിതിയാണ്. മുടപ്പല്ലൂർ ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എ.കെ.അബ്ദുള്ള, ജനറൽ സെക്രട്ടറി എ.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരികൾ വണ്ടാഴി പഞ്ചായത്ത് അധികൃതർക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ലെന്ന ആക്ഷേപമുണ്ട്.
മംഗലംഡാം റോഡിലുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പുതിയ കംഫർട്ട് സ്റ്റേഷൻ നിർമിക്കാനാണെന്നു പറഞ്ഞു പൊളിച്ചുകളഞ്ഞതല്ലാതെ ഇവിടെ യാത്രക്കാർക്കായി യാതൊരു സൗകര്യവും പഞ്ചായത്ത് ചെയ്തില്ല. സംസ്ഥാനപാത നവീകരണത്തോടെ മാത്രമേ ഇനി ടൗണിൽ വികസന പ്രവൃത്തികൾ നടത്താനാകൂവെന്നാണ് പഞ്ചായത്തിന്റെ നിലപാട്.
എന്നാൽ റോഡ് വികസനത്തിന് വർഷങ്ങളുടെ കാത്തിരിപ്പു വേണ്ടിവരുമെന്നിരിക്കെ യാത്രക്കാർക്കും വ്യാപാരികൾക്കും ടൗണിലെത്തുന്നവർക്കും താത്കാലിക സംവിധാനം ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.