കേച്ചേരി: ദുരിതം തീർത്തുകൊണ്ട് തുടർച്ചയായി തിമിർത്തുപെയ്യുന്ന മഴയിൽ ചൂണ്ടൽ പഞ്ചായത്തിൽ സർവത്രനാശം. വിവിധ പ്രദേശങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും വീടുകൾ തകർന്നു. ചൂണ്ടൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്ന് ദുരിതാശ്വാസക്യാന്പുകൾ ആരംഭിച്ചു. കേച്ചേരി ഗവ. എൽപി സ്കൂൾ, ചൂണ്ടൽ ഗവ. യു.പി സ്കൂൾ, പാറന്നൂർ സെന്റ് തോമസ് യുപി സ്കൂൾ എന്നിവിടങ്ങളാണ് ക്യാന്പ് ആരംഭിച്ചത്.
തിരുവില്വാമല മേഖലയിൽ
തിരുവില്വാമല: ഗായത്രിപുഴയും ഭാരതപ്പുഴയും സംഗമിക്കുന്ന കൂട്ടിൽമുക്കിനു സമീപം കുത്താന്പുള്ളി പന്പ് ഹൗസിൽ വെള്ളം കയറി. മേഖലയിൽ ജലവിതരണവും വൈദ്യുതി വിതരണവും തടസപ്പെട്ടു. പാടശേഖരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ചേലക്കര ഗവ. സ്കൂളിൽ ദുരിതാശ്വാസക്യാന്പ് തുറന്നു. പഴയന്നൂരിൽ ഏഴ് കുടുംബങ്ങളെ ഐടിഐയിൽ ക്യാന്പിലേക്ക് മാറ്റി. ചേലക്കര ടൗണിലെ പള്ളികൾ, പോലീസ് സ്റ്റേഷൻ എന്നിവ വെള്ളത്തിലാണ്.
പുന്നയൂർക്കുളം മേഖലയിൽ
വടക്കേക്കാട്, പുന്നയൂർക്കുളം, പുന്നയൂർ മേഖലകളിൽ വ്യാപകമായ വെള്ളക്കെട്ട്200 വീട്ടുകാരെ മാറ്റി സ്ഥാപിച്ചു. ഗുരുവായൂർ പൊന്നാനി, ആൽത്തറ – കുന്നംകുളം റൂട്ടിലും ഗതാഗതം നിലച്ചു. വൈലത്തൂർ – നായരങ്ങാടി സെന്ററിൽ കടകളിൽ വെള്ളം കയറി.