കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ പെരുമഴയിൽ എറണാകുളം ജില്ല ദുരിതക്കയത്തിൽ. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ഉൾപ്പെടെ പൂർണമായി വെള്ളമിറങ്ങാത്തതിനാൽ ഈ പ്രദേശത്ത് ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ഇതിനിടെ, മഴക്കെടുതിയെത്തുടർന്ന് ഇന്നലെ കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചേന്ദമംഗലം മുണ്ട്യാത്തോപ്പ് ഭാഗത്തു പുഴയിൽ കാണാതായ പറവൂർ ചേന്ദമംഗലം മുണ്ട്യാത്തോപ്പ് തൈക്കൂടത്തിൽ അയ്യപ്പന്റെ (79) മൃതദേഹം ഇന്നു രാവിലെ ചെറായി ബീച്ചിൽനിന്നുമാണ് കണ്ടെത്തിയത്.
പോലീസും ബന്ധുക്കളുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അയ്യപ്പനെ കാണാതായത്. കാലിന് സ്വാധീനക്കുറവുള്ള അയ്യപ്പൻ ഉൗന്നുവടിയുടെ സഹായത്തോടെയാണ് നടക്കുന്നത്. ഉൗന്നുവടി ഇയാൾ താമസിക്കുന്ന സ്ഥലത്തിനു സമീപമുള്ള പാലത്തിൽ കിടപ്പുണ്ടായിരുന്നു. ഉൗന്നുവടിയുടെ സഹായത്തോടെ നടന്നപ്പോൾ കാൽവഴുതി വീണതാണോയെന്നാണു സംശയം. അയ്യപ്പൻ വീട്ടിൽനിന്നു പുറത്തുപോകുന്പോൾ ഭാര്യ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഗൃഹനാഥൻ വീട്ടിൽനിന്നും പുറത്തേക്കു പോകുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
പെരിയാറിന്റെ കൈവഴിയിൽ അതിശക്തമായ ഒഴുക്കും വെള്ളപ്പൊക്കവുമുണ്ട്. ഉൗന്നുവടിയുടെ സഹായത്തോടെ പുഴയോരത്ത് നടക്കുന്ന പതിവും ഇദ്ദേഹത്തിനുണ്ടായിരുന്നു. പുഴയിലെ ശക്തമായ അടിയൊഴുക്കിൽ മൃതദേഹം കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നുവെന്നാണു കരുതുന്നത്. മൃതദേഹം പറവൂർ ഗവ. ആശുപത്രിയിൽ പോസ്റ്റമോർട്ടം നടത്തി ഇന്നു സംസ്കരിക്കും.
ഭാര്യ: രംഭ. മക്കൾ: ബിനിൽബാബു, ഷൈര, വിനീത്, റിഥ. മരുമക്കൾ: ബാബുരാജ്, അമൃതരാജ്, മിനി, അന്പിളി. അതേസമയം, പിറവം ഓണക്കൂറിൽ ഉഴവൂർ തോട്ടിൽ കുളിക്കാനിറങ്ങിയ ഏറാംപുരിൽ (മറ്റത്തിൽ) ശങ്കരൻ നായരെ (75) കണ്ടെത്തുവാനുള്ള തെരച്ചിൽ തുടരുകയാണ്. അഗ്നി സുരക്ഷാസേനയും സ്കൂബ ടീമും ചേർന്നാണു തെരച്ചിൽ നടത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് ശങ്കരൻ നായരെ ഓണക്കൂറിൽ ഉഴവൂർ തോട്ടിൽ കാണാതായത്.
ഓണക്കൂർ പാലത്തിനു പാലത്തിനു സമീപമുള്ള കടവിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി തോട്ടിൽ വീണതാകാമെന്നാണു കരുതുന്നത്. വസ്ത്രങ്ങളും ചെരുപ്പും കടവിൽനിന്നു കണ്ടെത്തിയിരുന്നു. ഏതാനും ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ഉഴവൂർ തോട് കരകവിഞ്ഞ് ഒഴുകുകയാണ്. തോടിനോട് ചേർന്നുള്ള പാടങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
രണ്ടു ദിവസമായി മഴയുടെ തീവ്രത കുറഞ്ഞിരുന്നെങ്കിലും ഇന്നലെ പകൽ മഴ തുടർന്നതോടെ വെള്ളമിറങ്ങി തുടങ്ങിയ സ്ഥലങ്ങൾ വീണ്ടും ദുരിതത്തിൽ തന്നെയാണ്. മഴയും കടൽകയറ്റവും മൂലം ദുരിതത്തിലായ ചെല്ലാനം മേഖലയിൽ ജനജീവിതം സാധാരണനിലയിലാക്കാൻ തീവ്രയത്നപരിപാടിക്കും ജില്ലാ ഭരണകൂടം രൂപം നൽകി. ഇതിനിടെ, ദിവസങ്ങളായി വ്യാപാരത്തിൽ വൻ കുറവാണ് അനുഭവപ്പെടുന്നതെന്നു കൊച്ചിയിലും സമീപപ്രദേശങ്ങളിലെയും വ്യാപാരികളും പറയുന്നു.