അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിലെ വെളിംപറമ്പ് വീട്ടിൽ തങ്കമ്മ (87) വാർധക്യസഹജമായ അസുഖത്താൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
മഴയെ തുടർന്ന് തങ്കമ്മയുടെ വീടും പുരയിടവും വെള്ളത്താൽ ചുറ്റപ്പെട്ടതിനാൽ ശവസംസ്കാരം നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
കൂലിവേല ചെയ്ത് ജീവിക്കുന്ന തങ്കമ്മയുടെ മക്കളായ സോമനും പൊടിയനും എങ്ങനെ ശവദാഹം നടത്തുമെന്ന് ചിന്തിച്ച് പ്രതിസന്ധിയിലായ സമയത്ത് സമീപവാസിയും കളക്ടറേറ്റ് കൺട്രോൾ റൂമിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസറുമായ രാഗേഷ് ഈ വിവരം ആലപ്പുഴ അഗ്നി രക്ഷാനിലയത്തിലേക്ക് വിളിച്ചറിയിച്ചു.
ഉടൻ തന്നെ അഗ്നി സേനാംഗങ്ങൾ മരണ വീട്ടിലെത്തുകയും പോർട്ടബിൾ പമ്പ് ഉപയോഗിച്ച് 100 മീറ്റർ അകലെയുള്ള പാടത്തേക്ക് വെള്ളം പമ്പ് ചെയ്ത് പൂർണമായും വെള്ളക്കെട്ട് ഒഴിവാക്കി മരണാനന്തര ചടങ്ങ് നടത്താനാവുന്ന സാഹചര്യമൊരുക്കുകയും ചെയ്തു.
തുടർന്ന് വെള്ളക്കെട്ട് ഒഴിവാക്കിയ സ്ഥലത്ത് മരണാനന്തര ചടങ്ങ് നടത്തി.ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ആർ.ജയസിംഹന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസറായ പി.പ്രശോഭ് കുമാർ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഡ്രൈവർമാരായ എ.ഡി. പ്രിയധരൻ, രാജേഷ് മോൻ എന്നിവർ ഇതിന് നേതൃത്വം നൽകി.