മങ്കൊമ്പ്: അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് വീട്ടമ്മ വെള്ളക്കെട്ടില്‍ വീണു മരിച്ച സംഭവത്തിന് ഒരു വയസാകുമ്പോഴും നാട്ടുകാരുടെ ദുരിതം മാറ്റമില്ലാതെ തുടരുന്നു. കുട്ടനാട്ടിലെ നാരകത്രയിലാണ് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് കാവാലം കിഴക്കേചേന്നംകരി കുറുപ്പശേരി വീട്ടില്‍ വത്സമ്മ ദാരുണമായി മരിച്ചത്.
രാവിലെ വീട്ടില്‍നിന്നും പള്ളിയിലേക്കു പോയ വീട്ടമ്മ സമീപത്തെ കോഴിച്ചാല്‍ തെക്കു പാടശേഖരത്തിലെ വെള്ളക്കെട്ടിലാണു വീണു മരിച്ചത്.
രണ്ടാം കൃഷിയിറക്കാതെ വെള്ളം കയറ്റിയിട്ടിരുന്ന പാടശേഖരത്തിന്റെ മോട്ടോര്‍ തറയ്ക്കു സമീപത്തായിരുന്നു അപകടം. കോഴിച്ചാല്‍ വടക്ക് പാടശേഖരത്തിന്റെ പുറംബണ്ടിലെ താമസക്കാരിയായ വത്സമ്മയ്ക്ക് വീടിനു മുന്‍വശത്തെ തോടിനു മറുകരയിലുള്ള പാടശേഖരത്തിലായിരുന്നു ജീവന് നഷ്ടമായത്.
വീട്ടില്‍നിന്നു റോഡിലേക്കുള്ള കോഴിച്ചാല്‍ വടക്കു പാശേഖരത്തിന്റെ പുറംബണ്ടിലൂടെയുള്ള വഴി വെള്ളത്തിലായതിനെ തുടര്‍ന്നാണ് മറുകരയിലുള്ള റോഡിലേക്കെത്താന്‍ പാലം കയറി നടന്നുനീങ്ങിയത്.
എന്നാല്‍ മോട്ടോര്‍ തറയ്ക്കു സമീപത്തെ വീതികുറഞ്ഞതും, വെള്ളത്തിനടിയിലായതുമായ കല്ലുകെട്ടില്‍ നിന്നും കാല്‍വഴുതി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.
തങ്ങള്‍ താമസിക്കുന്ന കോഴിച്ചാല്‍ വടക്കു പാശേഖരത്തിന്റെ പുറംബണ്ടുയര്ത്തി വഴിനിര്മിക്കണമെന്ന് നാട്ടുകാരുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. മരിച്ച വത്സമ്മയും നിവേദകസംഘത്തിലെ പ്രധാനിയായിരുന്നു.
ഇവരുടെ വീടിനു പിന്നില്‍ കൂടിയുള്ള, മുടങ്ങിക്കിടക്കുന്ന ട്രാക്ടര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുക, പുറംബണ്ടിന്റെ കല്ലുകെട്ട് ഉയര്‍ത്തി നിര്‍മിച്ച് സുരക്ഷിത നടപ്പാതയൊരുക്കുക തുടങ്ങിയവയായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം.
വത്സമ്മയുടെ മരണശേഷവും നാട്ടുകാര്‍ തങ്ങളുടെ ആവശ്യവുമായി അധികാരികളെ സമീപിച്ചു. അനുഭാവപൂര്‍വമായ പ്രതികരണമുണ്ടായെങ്കിലും ദുരന്തത്തിന് ഒരുവയസാകുമ്പോഴും കാര്യമായ നടപടികളൊന്നുമായില്ല.
പുറംബണ്ടു ദുര്‍ബലമായതിനാല്‍ രണ്ടാംകൃഷിയുണ്ടെങ്കിലും, ജലനിരപ്പുയരുമ്പോള്‍ പ്രളയകാലത്ത് മലവെള്ളം കവിഞ്ഞുകയറി കൃഷി നശിക്കുക പതിവാണ്.
കൃഷികൂടാതെ പുറംബണ്ടിലെ ഇരുനൂറിലധികം വരുന്ന വീടുകളും വെള്ളത്തിലാകും. പാടത്തു വെള്ളം കയറുന്നതോടെ ഇതു വഴി കടന്നുപോകുന്ന മുളയ്ക്കാംതുരുത്തിവാലടി റോഡിലെ വാഹന ഗതാഗതവും നിലയ്ക്കുമെന്നത് കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങളെയും ദുരിതത്തിലാക്കും.
പരാതിക്കും ഫലമില്ല, നീലംപേരൂരില്‍ വെള്ളക്കെട്ടിനു പരിഹാരമായില്ല
മങ്കൊമ്പ്: നീലംപേരൂര്‍ പഞ്ചായത്തുമുതല്‍ മുഖ്യമന്ത്രിവരെയുള്ളവര്‍ക്ക്, നാട്ടുകാരും പാടശേഖരസമിതിയും അയല്‍ക്കൂട്ടങ്ങളും വ്യക്തികളുമെല്ലാം ഒട്ടേറെത്തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും വെള്ളക്കെട്ടിനു പരിഹാരവും നെല്‍കൃഷിക്കു സംരക്ഷണവും ലഭിച്ചിട്ടില്ല.
പല അപേക്ഷകളിലും അന്വേഷണങ്ങള്‍ നടന്നു. ഉദ്യോഗസ്ഥ തലത്തില്‍ റിപ്പോര്‍ട്ടുകളും തയാറായി. പക്ഷേ ഫലപ്രദമായ തുടര്‍നടപടികളുടെയും വ്യത്യസ്ത വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിന്റെയും അഭാവം നിമിത്തം പ്രദേശവാസികള്‍ക്കു സുരക്ഷിത ജീവിതസാഹചര്യങ്ങളൊരുക്കാത്തതില് നാട്ടുകാര്‍ അസംതൃപ്തരാണ്.
ആവിഷ്കരിച്ച പദ്ധതികളെല്ലാംതന്നെ ചുവപ്പുനാടകളില്‍ കുരുങ്ങുകയാണ്. ബണ്ട് നവീകരിക്കാന്‍ കെഎല്ഡിസിക്കു നിര്‍ദേശം നല്‍കിയതായി കൃഷി മന്ത്രി അറിയിച്ചിട്ടുണ്ട്. കുട്ടനാട്ടുകാര്‍ക്കു സുരക്ഷിതരായി ജീവിക്കാനാവശ്യമായ സാഹചര്യങ്ങളൊരുക്കുമെന്ന്, രണ്ടാംഘട്ട കുട്ടനാടുപാക്കേജിന്റെ പ്രഖ്യാപനവേളയില്‍ മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞപ്പോഴും ഇവിടുത്തെ പാവങ്ങള്‍ പ്രതീക്ഷവച്ചു.
പദ്ധതിയില്‍ പാടശേഖരങ്ങളുടെ പുറംബണ്ടു നവീകരണവും അടിസ്ഥാനസൗകര്യവികസനവും പ്രധാനപദ്ധതികളായി എടുത്തുപറയുകയും ചെയ്തിരുന്നു. ഡച്ച് മോഡല്‍ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമെന്നവണ്ണം കൃഷ്ണപുരംതോടിന്റെ ആഴംകൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ അടുത്തയിടെ നടക്കുകയുണ്ടായി.
ഇതോടനുബന്ധിച്ച് ബണ്ടിലെ കല്‍ക്കെട്ട് 150 മീറ്ററോളം നീളത്തില്‍ പലഭാഗങ്ങളിലായി നവീകരിക്കുകയും ചെയ്തു. അവിടെയും ഇവിടെയുമൊക്കെയായി നവീകരിച്ചഭാഗങ്ങള് ഉയര്‍ന്നും ബാക്കി താഴ്ന്നും കിടക്കുന്നതിനാല്‍ ബണ്ടിലൂടെയുള്ള കാല്‍നടയാത്ര ഇപ്പോള്‍ തീര്‍ത്തും ദുഷ്കരമാണ്.
ചുരുക്കം ചില സ്ഥലങ്ങളില്‍ പൊളിച്ചിട്ട കല്‍ക്കെട്ട് കരാറുകാര്‍ കെട്ടിയിട്ടുമില്ല. 1750 മീറ്റര്‍നീളമുള്ള ബണ്ടിന്റെ അവശേഷിക്കുന്ന 1600 മീറ്ററോളംഭാഗം അടിയന്തരമായി നവീകരിക്കാനും, സുരക്ഷിത നടപ്പാതയൊരുക്കാനും നടപടികളുണ്ടാകണമെന്നാണ് പാടശേഖരസമിതി ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.
വെള്ളം വറ്റിക്കുന്നതിനായി പാടശേഖരത്തിന് നിലവില്‍ രണ്ടു മോട്ടോറുകള്‍ സ്വന്തമായുണ്ട്. അവശേഷിക്കുന്ന പുറംബണ്ടിന്റെ പ്രദേശങ്ങളില്‍ നിലവിലുള്ളതില്‍ നിന്നും 60 സെന്റിമീറ്റര്‍ ഉയര്‍ത്തി കല്ലുകെട്ടി, പുറംബണ്ടു നിര്‍മിച്ചാല്‍ തീരാവുന്നതേയുള്ളു ഇവിടുത്തെ പ്രശ്നങ്ങള്‍.
നെല്‍കൃഷി സുഗമമാകുകയും, താമസക്കാരുടെ ദുരിതങ്ങള്‍ ഏറെക്കുറെ അവസാനിക്കുകയും ചെയ്യും. പതിവായി രണ്ടു കൃഷിയിറക്കുന്നതിനാല്‍ പമ്പിംഗിന് സ്ഥിരമായി വൈദ്യുതി കണ ക്ഷനും സാധ്യമാകും.
ഇനിയെങ്കിലും അധികൃര്‍ കണ്ണുതുറന്ന് തങ്ങളുടെ ദുരിതങ്ങളവസാനിപ്പിക്കാന് നടപടി സ്വീകരിക്കുമെന്നാണ് നാട്ടുകാരുടെയും കര്‍ഷകരുടെയും പ്രതീക്ഷ.