കരുനാഗപ്പള്ളി കനത്തമഴ താലൂക്കിലും വ്യാപക നാശം വിതച്ചു.പള്ളിക്കലാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചു.രാത്രി വൈകിയും ക്യാന്പുകളിലേക്ക് ജനം എത്തി കൊണ്ട ിരിക്കുകയാണ്. പള്ളിക്ക ലാറിന്റെ തീരപ്രദേശങ്ങളായ പാവുന്പാ തൊടിയൂർ ഭാഗങ്ങളിൽ അപകടകരമാം വിധം വെള്ളം കയറി കൊണ്ടിരിക്കുകയാണ്. പത്തോളം വീടുകൾ ഭാഗികമായി തകർന്നു.നിരവധി വീടുകൾ കരകവിഞ്ഞു.
കരുനാഗപ്പള്ളി താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നതായി തഹസിൽദാർ അറിയിച്ചു.പാവുന്പ അമൃത യുപി സ്കൂൾ, തൊടിയൂർ ഗവ.എൽ പി എസ് എന്നിവിടങ്ങളിലും ചവറയിലുമാണ് ക്യാന്പുകൾ തുറന്നത്.പാവുന്പ ചുരുളി ഭാഗത്ത് വെള്ളം കയറി ഒറ്റപ്പെട്ടു പോയ 57 കുടുംബങ്ങളെ കരുനാഗപ്പള്ളി ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
അവശരും രോഗികളുമായിരുന്നവരുൾപ്പടെയുള്ളവരെ സ്ട്രെക്ച്ചറിലും സേനാംഗങ്ങൾ തോളിൽ ചുമന്നുമാണ് കരയിലെത്തിച്ചത്. സ്റ്റേഷൻ ഓഫീസർ വിശി വിശ്വനാഥിന്റെ നേതൃത്വത്തിലാണ് കുടുംബങ്ങളെ കരയിലെത്തിച്ചത്.പാവുന്പ അമൃത സ്കൂളിൽ 45 കുടുംബങ്ങളിൽപ്പെട്ട 108 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്.
തൊടിയൂർ, വേങ്ങറ ഗവ.എൽ പി എസിൽ 54 കുടുംബങ്ങളിൽ പ്പെട്ട 187 കുടുബങ്ങളെയാണ്മാറ്റി പാർപ്പിച്ചിരിക്കുന്നത്. ആർ രാമചന്ദ്രൻ എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് ശ്രീലത, കവിക്കാട്ട് മോഹനൻ, തഹസിൽദാർ എൻ സാജിദാ ബീഗം എന്നിവർ ക്യാന്പുകളിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വിവിധ സന്നദ്ധ യുവജനസംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. തഴവ ആൽത്തറമൂടിന് സമീപം തോപ്പിൽ കിഴക്കതിൽ ഗോപകുമാറിന്റെ വീട്ടിലെ കിണർ പൂർണ്ണമായി ഇടിഞ്ഞുതാണു. അരമത്തു മഠം ജംഗ്ഷനിൽ കാറിനു മുകളിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തിമരം മുറിച്ചു മാറ്റി.