കോട്ടയം: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. പുഴകൾ നിറഞ്ഞൊഴുകുകയാണ് പടിഞ്ഞാറൻ മേഖലകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നിരവധി വീടുകൾക്കാണ് നാശമുണ്ടായിരിക്കുന്നത്. പല സ്ഥലങ്ങളിലും മണിക്കൂറുകളായി വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്.
നാളെ വരെ അതി തീവ്രമഴ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കനത്ത മഴയിൽ മീനച്ചിൽ, മണിമല, പന്പ നദികളിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇന്നും നാളെയും കനത്ത മഴയ്ക്കും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ ജില്ലയിൽ ജാഗ്രതാ നിർദേശവും നല്കിയിട്ടുണ്ട്.
മിന്നൽ പ്രളയമുണ്ടായാൽ ആളുകളെ ക്യാന്പുകളിലേക്ക് മാറ്റുന്നതിന് തയാറായിരിക്കാൻ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. ക്യാന്പുകളിലേക്കു മാറ്റുന്നതിനു മുന്പ് കോവിഡ് ആന്റിജൻ പരിശോധനയും നടത്തും.
വാഗമണ്, മുക്കുളം, ഏന്തയാർ, പെരുവന്താനം, തീക്കോയി, അടുക്കം പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. ഇതിനു പുറമെ നാട്ടകം, വടവാതൂർ, കുമരകം പ്രദേശത്തെ ഇടവട്ടം, മങ്കുഴി, മൂലേപ്പാടം, നാലു പങ്ക്, പത്ത്പങ്ക്, പൊങ്ങലക്കരി പ്രദേശങ്ങളിൽ വെള്ളം കയറി പാടശേഖരങ്ങളിൽ വ്യാപകമായ മടവീഴ്ചയുമുണ്ടായി.
വടവാതൂരിലും നാട്ടകത്തും മടവീണു ഏക്കറു കണക്കിനു പാടത്തെ കൃഷി നശിച്ചു. കുറിച്ചി അടിച്ചിറമറ്റം, വൈക്കരമറ്റം ഭാഗങ്ങളിലും വലിയ കൃഷി നാശം സംഭവിച്ചിട്ടുണ്ട്.
ദുരിതക്കയത്തിൽ
മഴ ശക്തമായതോടെ കുമരകവും പടിഞ്ഞാറൻ മേഖലയും ദുരിത കയത്തിലായി. മഴയോടൊപ്പം ഇന്നലെ വൈകുന്നേരം മുതൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ കുമരകം, ചെങ്ങളം പ്രദേശങ്ങളിൽ വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും വൻ നാശമുണ്ടായി.
17ൽപ്പരം അധികം സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റും ലൈൻ കന്പികളും തകർന്നു. രണ്ടു വീട് പൂർണമായും ഇരുപതോളം വീടുകൾ ഭാഗികമായും തകർന്നു. ഇരുട്ടിലായ കുമരകത്തു വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരും.
ഇതിനുപുറമെ കുമരകത്തെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. തണ്ണീർമുക്കം ബണ്ട് തുറന്നതോടെ വെള്ളം ഒഴുകി മാറുമെന്ന് കരുതിയെങ്കിലും ശക്തമായി പെയ്ത മഴ മൂലം കഴിഞ്ഞ ദിവസത്തേക്കാൾ ജലനിരപ്പുയർന്നതാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്.
ഇടവട്ടം, മങ്കുഴി, മൂലേപ്പാടം, നാലു പങ്ക്, പത്ത്പങ്ക്, പൊങ്ങലക്കരി പ്രദേശങ്ങളിൽ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. വേലിയിറക്കം ആരംഭിച്ചാലേ തണ്ണീർമുക്കം ബണ്ടു വഴി വെള്ളം വടക്കോട്ട് കുടുതലായി ഒഴുകാൻ തുടങ്ങൂ.
കോവിഡ് പ്രതിരോധം വെല്ലുവിളിയിൽ
ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള കുമരകത്ത് പഞ്ചായത്തിൽ ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറെ വെല്ലുവിളികൾ സൃഷ്ടിച്ചിരിക്കുകയാണ് വെള്ളപ്പൊക്കം.
ആർപ്പൂക്കരയുടെ പടിഞ്ഞാറൻ മേഖലയും വെള്ളപ്പൊക്ക ഭീഷണിയിലാണ്. അപ്പർ കുട്ടനാട്ടു പ്രദേശമായ പായ്വട്ടം, കറുകപ്പാടം പാടശേഖരങ്ങളിലുള്ള പുറം ബണ്ടിൽ താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.
അശാസ്ത്രീയമായ ബണ്ടു നിർമാണവും രണ്ടാം കൃഷി നടത്തിപ്പു വേണ്ടെന്ന് തീരുമാനിച്ചതുമാണ് പ്രദേശത്തെ താമസക്കാർക്ക് തിരിച്ചടിയായത്. തണ്ണീർമുക്കം ബണ്ട് തുറക്കുവാൻ താമസിച്ചതിനൊപ്പം കടൽക്ഷോഭവും ജലനിരപ്പു ഉയർന്നു നിൽക്കാൻ കാരണമായതായി പ്രദേശവാസികൾ പറയുന്നു.
കനത്ത മഴയിൽ ചങ്ങനാശേരിയുടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറിതുടങ്ങി. കുറിച്ചി, വാഴപ്പള്ളി, പായിപ്പാട് പഞ്ചായത്തുകളിലെയും ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിലെയും താഴ്ന്ന പ്രദേശങ്ങളിലെ രണ്ടായിരത്തോളം വീടുകളിൽ വെള്ളം കയറിയ നിലയിലാണ്.
കുറിച്ചിയിലെ ആനക്കുഴി, ചാണകക്കുഴി, മുട്ടത്തുകടവ്, ചേലാറ, ചകിരി, കച്ചറ കലുങ്ക്, ചാമക്കുളം, കുട്ടൻചിറമറ്റം, വട്ടഞ്ചിറകുളം, പുലിക്കുഴി മറ്റം, ഐക്കരമറ്റം എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.
വാഴപ്പള്ളി പഞ്ചായത്തിലെ തൂപ്രം, മുളയ്ക്കാംതുരുത്തി, പറാൽ, വെട്ടിത്തുരുത്ത്, കുമരങ്കരി, പുതുച്ചിറ, ചീരഞ്ചിറ പ്രദേശങ്ങളിലെ നൂറുകണക്കിനു വീടുകൾ വെള്ളത്തിലാണ്. പായിപ്പാട് പഞ്ചായത്തിലെ നക്രാൽ, പുതുവൽ, കോമങ്കേരി, അംബേദ്കർ കോളനി, എസികോളനി ഭാഗങ്ങളിലും വൻതോതിൽ ജലനിരപ്പുയർന്നിട്ടുണ്ട്.
കോവിഡ് ദുരിതത്തിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വെള്ളപ്പൊക്കം കൂടി എത്തിയത് ഏറെ ദുരിതപൂർണമാക്കിയിട്ടുണ്ട്. വാകത്താനത്ത് മൂന്നു വീടുകൾ വെള്ളത്തിലായിട്ടുണ്ട്. വെള്ളപ്പൊക്കവും കാലാവസ്ഥാ പ്രതിസന്ധികളും നേരിടാൻ താലൂക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്.
ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
1കോട്ടയം: ഐഎച്ച്കെ (ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്സ് കേരള) കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രതിരോധം, ഒന്നും രണ്ടും വിഭാഗം രോഗികളുടെ ചികിത്സ, രോഗം മാറിയതിനു ശേഷമുള്ള വിഷമങ്ങൾ എന്നിവക്കു ഫലപ്രദമായ ഹോമിയോപതിക് മരുന്നുകൾ ആയുഷ് നിയമം അനുസരിച്ചു നൽകുന്നതിനുള്ള ഹെൽപ്പ് ഡസ്ക് ആരംഭിച്ചു.
ഹെൽപ് ഡെസ്ക് നന്പരുകൾ:
ഡോ. അനിത അനിൽ: 9446712799, ഡോ. ബിന്ദു കെ. പിള്ള: 9495445908, ഡോ. ഹേമലത: 9495334335, ഡോ. ലാലു: 9895634670, ഡോ. ലതിക: 9497822296, ഡോ. നിസി: 7025893957, ഡോ. രാജു വല്യറ: 9745849676, ഡോ. രേഖ മേനോൻ: 9497033324, ഡോ. രേണു: 9605924753, ഡോ.രേഷ്മ മോഹൻ: 8590285654, ഡോ. സുജിത: 9961721498, ഡോ. തോംസണ്: 9446133056, ഡോ. ത്രേസ്യാമ്മ ജോസഫ്: 9497667521.