കുമരകം: കിഴക്കൻ വെള്ളത്തിന്റെ വരവ് തുടരുന്നതിനാൽ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജലനിരപ്പ് ഉയർന്നു തന്നെ. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും റോഡുകളിലും വെള്ളം കയറിയത് ജനജീവിതം ദുരിതത്തിലാക്കി.
വിരിപ്പു കൃഷി ഇറക്കിയതും ഒരുക്കങ്ങൾ നടക്കുന്നതുമായ പാടശേഖരങ്ങൾ വെള്ളെപ്പൊക്ക ഭീഷണിയിലാണ്. ഇന്ന് പുലർച്ചെ നാലിന് കുമരകം വടക്കും ഭാഗത്തുള്ള മൂലേപ്പാടം തെക്കേ ബ്ലോക്കിൽ മടവീണു.
വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ അഞ്ചു മീറ്ററിലധികം നീളംചിറ മണ്ണൊഴുകി തകർന്നു. പാടശേഖരത്തിന്റെ തെക്കേ ബ്ലോക്കിൽ മുട്ടു തോടിന് അകത്ത് പത്തിന്റെ മട സുകുമാരന്റെ ചിറയിലാണ് മട വീണത്.
വർഷകൃഷിക്കായി പാടത്തെ വെള്ളം വറ്റിച്ചു കൊണ്ടിരിക്കുകയായിരുന്നു. വെള്ളം വറ്റി ഇട വരന്പു തെളിഞ്ഞ സമയത്താണ് മട വീണ് വെള്ളം കയറിയത്.
ഇതോടെ പുറംബണ്ടിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങളുടെ വീടും പരിസരവും വെള്ളത്തിലാകും. കൃഷിക്കായി മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിച്ചു തുടങ്ങുന്നതു വരെ ഈ കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലായിരുന്നു. പാടം മടവീണതോടെ പ്രദേശവാസികൾ വീണ്ടും ദുരിതക്കയത്തിലാകും.