കോട്ടയം: കുമരകത്തുനിന്നും തിരുവാർപ്പിൽനിന്നും ആളുകൾ കോട്ടയത്തേക്ക് കൂട്ടമായി എത്തുന്നു. ഇരു പഞ്ചായത്തുകളിലെയും മുഴുവൻ പ്രദേശങ്ങളും പൂർണമായും വെള്ളത്തിനടിയിലാണ്. കുമരകത്തും പരിസരപ്രദേശങ്ങളിലും വെള്ളം കയറാത്ത വീടുകൾ ചുരുക്കമാണ്. വീടുകളിൽ കഴുത്തൊപ്പം വെള്ളമാണ്. പല വീടുകളും പൂർണമായും മുങ്ങി. ഇതോടെയാണ് ആളുകളെ വള്ളത്തിലും ബോട്ടിലും രക്ഷപെടുത്തി കോട്ടയത്ത് എത്തിക്കുന്നത്.
വെള്ളം കയറിയ വീടുകളിൽ നിന്നും ആളുകളോട് മാറാൻ റവന്യു വകുപ്പ് അധികൃതർ നിർദേശിക്കുന്നുണ്ട്. നാട്ടുകാരും സന്നദ്ധ സേനാ പ്രവർത്തകർ, ഫയർഫോഴ്സ്, പോലീസ് എന്നിവരാണ് കുമരകം ചന്തക്കവലയിൽ നിന്നും ആലുംമൂട് കവലയിൽ നിന്നും ആളുകളെ ലോറികളിലും കെഎസ്ആർടിസി ബസുകളിലും കോട്ടയത്ത് എത്തിക്കുന്നത്.
കോട്ടയത്ത് എത്തുന്ന ആളുകളിൽ ഭൂരിഭാഗം പേരും ബന്ധുവീടുകളിലേക്കാണ് പോകുന്നത്. ബാക്കിയുള്ളവർക്ക് കോട്ടയം മോഡൽ സ്കൂളിലും പാന്പാടി ഗുഡ്ന്യൂസ് ധ്യാന കേന്ദ്രത്തിന്റെ ഓഡിറ്റോറിയത്തിലും താമസത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പാന്പാടിയിലും പയ്യപ്പാടിയിലും നിരവധി ക്യാന്പുകൾ ഒരുക്കിയിട്ടുണ്ട്. പ്രായമയാവരെയും രോഗികളെയും ഫയർഫോഴ്സ് ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചാണ് റോഡുകളിൽ എത്തിക്കുന്നത്. ആവശ്യത്തിനു വൈദ്യ സഹായംനൽകാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.