തിരുവല്ല: മഴ പെയ്താൽ തിരുവല്ല പുഷ്പഗിരി റെയിൽവേ ക്രോസിനു സമീപത്തെ വീടുകളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവാകുന്നു. മഞ്ഞാടി പുഷ്പഗിരി റോഡിൽ നഗരസഭയിലെ പതിനാലാം വാർഡിൽ റെയിൽവേ ക്രോസിന് താഴോട്ടുള്ള ഭാഗത്തെ താഴ്ന്ന പ്രദേശത്തും തീപ്പനി ഭാഗത്തുമുള്ള പതിനഞ്ചോളം വീട്ടുകാരാണ് ദുരിതത്തിലായിരിക്കുന്നത്. ചെറിയ മഴ പെയ്താൽ പോലും ഈ ഭാഗത്തെ വീടുകളിൽ ഒരാൾ പൊക്കത്തിൽ വെള്ളം ഉയരും.
റെയിൽവേയുടെയും തിരുവല്ല നഗരസഭയുടെയും അനാസ്ഥ മൂലമാണ് തങ്ങൾക്ക് ഈ ദുരിതത്തിലായിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. സതേൺ റെയിൽവേയുടെ തിരുവന്തപുരം ഡിവിഷനു കീഴിൽ വരുന്ന ഈ പ്രദേശത്ത് ട്രാക്ക് ഇരട്ടിപ്പിക്കലിന് വേണ്ടി സ്ഥലം നല്കിയവർക്കാണ് ഈ ദുർഗതി വന്നിരിക്കുന്നത്. ട്രാക്കിന്റെ സംരക്ഷണത്തിനായി റെയിൽവേ ഈ ഭാഗത്ത് ഭീമൻ സംരക്ഷണ ഭിത്തിയും നിർമിച്ചിരുന്നു.
ഇതോടെ ഈ ഭാഗത്തു കൂടി ഒഴുകി വരുന്ന വെള്ളം പോകാൻ മറ്റു മാർഗങ്ങൾ ഇല്ലാതെയായി. ഇതോടെയാണ് ഈ ഭാഗത്ത് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നത്. ഇതു മൂലം റെയിൽവേയുടെ സംരക്ഷണ ഭിത്തികളും തകർന്ന് വീണ് വലിയ ദുരന്തം ഉണ്ടാകുന്ന അവസ്ഥയിലാണ്. കട്ടത്തറയിൽ കെ. എസ്. ദാനിയേൽ, കുന്നത്ര തെക്കേതിൽ ശാന്തമ്മ, രാജാസ് വീട്ടിൽ രാജു, പൊളച്ചിറയിൽ വിജയൻ, കുറ്റിപ്പറമ്പിൽ ടി. കെ. ഗൗരി, ഇരട്ടപ്ലാമൂട്ടിൽ ഏലിയാമ്മ യോഹന്നാൻ എന്നിവരുടെ വീടുകളാണ് ദുരിതത്തിലായിരിക്കുന്നത്.
വീട്ടുപകരണങ്ങളും കുട്ടികളുടെ പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചു പോയിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അന്പതിലധികം തവണയാണ് ഈ ഭാഗത്തെ വീടുകളിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറിയത്. തിരുവല്ല നഗരസഭയുടെയും റെയിൽവേയുടെയും അനാസ്ഥയാണ് തങ്ങളെ ഈ ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ തങ്ങളല്ല റെയിൽവേയാണ് നടപടികൾ സ്വീകരിക്കേണ്ടതെന്ന് പറഞ്ഞു നഗരസഭയും കൈ മലർത്തുന്നു. റെയിൽവേ ഈ ഭാഗത്ത് പുതിയ പാലവും ഓടയും നിർമിച്ചിരിന്നു.
എന്നാൽ അശാസ്ത്രീയമായി പണിത ഈ ഓടയിൽ കൂടി വെള്ളം പോകുന്നില്ല. മഞ്ഞാടി ഭാഗത്തുള്ള പ്രമുഖ ബേക്കറിയുടെ ബോർമയിൽ നിന്നും സമീപത്തുള്ള ഫ്ലാറ്റുകളിൽ നിന്നും തള്ളുന്ന കോഴിവേസ്റ്റുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വന്ന് അടിയുന്നത് ഈ പ്രദേശത്താണ്. ഇത് അഴുകി വെള്ളത്തിൽ ചേർന്നതോടെ ഈ പ്രദേശത്ത് സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
കുട്ടികൾ ഉൾപ്പെടെയുള്ളവർ ഈ പ്രദേശവാസികൾ സ്ഥിരം ആശുപത്രിയിലാണ്. ഈ ഭാഗത്ത് അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് റെയിൽവേയും തിരുവല്ല നഗരസഭയും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം തിരുവല്ല പുഷ്പഗിരി റെയിൽവേ ലെവൽ ക്രോസിൽ ട്രെയിൻ ഉപരോധിക്കുന്ന സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം.