കൊല്ലം :ജില്ലയിലെ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ രക്ഷിക്കുന്നതും മരങ്ങള്‍ മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിക്കുന്നതും ഉള്‍പ്പെടെ വിപുല പ്രവര്‍ത്തനങ്ങളാണ് അഗ്നിശമന സേന നടത്തുന്നത്. പുനലൂര്‍ പ്രണവം ആശുപത്രിയില്‍ പൂര്‍ണ്ണമായും വെള്ളം കയറിയ ഒന്നാം നിലയില്‍ അകപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടര്‍മാരും ആശുപത്രി അധികൃതരും അടക്കം അറുപതോളം പേരെ രക്ഷപെടുത്താനായി.
പുനലൂര്‍ അഗ്നിരക്ഷാ നിലയത്തിലെ ഡിങ്കിയുപയോഗിച്ച് അര്‍ധരാത്രി 12.30 മുതല്‍ രാവിലെ 10.30 വരെ നീണ്ടു നിന്നു ഇവിടുത്തെ രക്ഷാപ്രവര്‍ത്തനം. തൊളിക്കോട് വെള്ളം കയറി വീടുകളില്‍ അകപ്പെട്ട രണ്ടുപേരെയും രക്ഷിച്ചു. ആര്യങ്കാവ്, തെന്മല, കരവാളൂര്‍ എന്നിവിടങ്ങളില്‍ കടപുഴകിയ മരങ്ങള്‍ മുറിച്ച് മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.
പുനലൂര്‍ ടൗണില്‍ അപകടാവസ്ഥയില്‍ നിന്ന തേക്കുമരവും മുറിച്ച് നീക്കി. പള്ളിക്കല്‍ കോളനിയില്‍ കയറിയ വെള്ളം പമ്പ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കി. പൂത്തൂര്‍ ആറ്റുവാശ്ശേരിയില്‍ വെള്ളം കയറി വീടുകളില്‍ അകപ്പെട്ടു പോയ ആളുകളെയും രക്ഷപെടുത്തി.
കൂന്നത്തൂര്‍ മേഖലയില്‍ വെള്ളം കയറി വീടുകളില്‍ അകപ്പെട്ടു പോയവരെ ഡിങ്കി ഉപയോഗിച്ച് രക്ഷപെടുത്തി. കൊല്ലം നഗരത്തിലും പരിസരത്തുമായി പത്തോളം മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി പ്രത്യേക സംഘത്തെ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് നിയോഗിച്ചു.
കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍, കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെ സ്പെഷ്യല്‍ തഹസില്‍ദാര്‍മാരാണ് നയിക്കുന്നത്. ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവരടക്കം 20 പേരാണ് താലൂക്ക് അടിസ്ഥാനത്തില്‍ രൂപീകരിച്ച സംഘത്തിലുള്ളത്. ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് തയ്യാറാക്കിയ പദ്ധതി പ്രകാരമാകും ഇവരുടെ പ്രവര്‍ത്തനം.
പുനലൂരില്‍ തങ്ങി എ.ഡി.എം. ബി. ശശികുമാര്‍ കിഴക്കന്‍ മേഖലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. സബ്കളക്ടര്‍ ഡോ. എസ്. ചിത്രയ്ക്കാണ് ദുരിതാശ്വാസ ക്യാമ്പുകളുടെയും സഹായ വസ്തുക്കളുടെ സമാഹരണത്തിന്റെയും ചുമതല. ജില്ലാ ആസ്ഥാനത്ത് അസിസ്റ്റന്റ് ് കളക്ടര്‍ എസ്. ഇലക്കിയ, ഡെപ്യൂട്ടി കളക്ടര്‍മാരായ ആര്. സുമീതന്‍ പിള്ള. പി.ആര്. ഗോപാലകൃഷ്ണന് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്.
ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന 56 ദുരിതാശ്വാസ ക്യാമ്പുകളിലായി 1023 കുടുംബങ്ങളിലെ 3600 പേരാണുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലഭ്യമായ കെട്ടിടങ്ങളെല്ലാം ഇതിനായി വിനിയോഗിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശവുമുണ്ട്. വില്ലേജ്-പഞ്ചായത്ത് ഓഫീസുകളെല്ലാം രാത്രിയും പകലും പ്രവര്‍ത്തിക്കുന്നു. വിവിധ താലൂക്കുകളിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 22 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്അറിയിച്ചു.