എടത്വ: ആശുപത്രിയില്‍ എത്തിക്കാന്‍ വെള്ളക്കെട്ട് തടസമായതിനെത്തുടര്‍ന്ന് മരിച്ചയാളുടെ സംസ്കാരച്ചടങ്ങിനും പ്രതിസന്ധി സൃഷ്ടിച്ച് വെള്ളക്കെട്ട്.
തലവടി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഇല്ലത്തുപറമ്പില്‍ ഇ.ആര്. ഓമനക്കുട്ടന്റെ (50) സംസ്കാരച്ചടങ്ങിനാണ് വെള്ളക്കെട്ട് പ്രതിസന്ധിയിലായത്.
കഴിഞ്ഞ ശനിയാഴ്ച നെഞ്ചുവേദനയെത്തുടര്‍ന്ന് വീട്ടുകാരും സമീപ വാസികളും ഓമനക്കുട്ടനെ വള്ളത്തില്‍ കരയ്ക്കെത്തിച്ച ശേഷം കാറില്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
മുട്ടോളം വെള്ളത്തിലായ സ്ഥലത്തുനിന്ന് യഥാസമയം കരയ്ക്കെത്തിക്കാന്‍ കഴിയാഞ്ഞതാണ് മരണത്തില്‍ കലാശിച്ചത്.
വഴിയിലും വീട്ടുവളപ്പിലും വെള്ളമായതിനാല്‍ മൃതദേഹം വള്ളത്തില്‍ കയറ്റിയാണ് വീട്ടില്‍ എത്തിച്ചത്. വീടിനു ചുറ്റും മുട്ടോളം വെള്ളം ഉയര്‍ന്നതിനാല്‍ സംസ്കാരം നീട്ടിവച്ചിരുന്നു.
പറമ്പില്‍നിന്ന് വെള്ളം പൂര്‍ണമായി ഒഴിയാഞ്ഞതിനാല്‍ ഇഷ്ടിക അടുക്കിവച്ചാണ് മൃതദേഹം സംസ്കരിച്ചത്. കഴിഞ്ഞവര്‍ഷം ഓമനക്കുട്ടന്റെ മൂത്തമകള്‍ പ്രിയങ്ക കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ബീന, മറ്റൊരു മകള്‍ പ്രവീണ. മരുമകന്: സജി.