ചാവക്കാട്: ശക്തമായ മഴയും രൂക്ഷമായ കടലേറ്റവും കാരണം തീരമേഖല വെള്ളക്കെട്ടിൽ. എടക്കഴിയൂർ, കടപ്പുറം പുന്ന എന്നവിടങ്ങളിലെ താഴ്ന്ന പ്രദേശത്താണ് വെള്ളക്കെട്ട് രൂക്ഷമായത്. എടക്കഴിയൂർ കാദിരിയ്യ മസ്ജിദിനു പടിഞ്ഞാറ് എഴുപതോളം വീടുകൾ വെള്ളക്കെട്ടിലാണ്.
കടലിലേക്കു വെള്ളം പോകുന്ന അറപ്പ തോട്ടുമായി ചേരുന്ന കാന സ്വകാര്യ വ്യക്തി നികത്തിയതാണ് വെള്ളക്കെട്ടിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നാട്ടുകാർ കാന നിർമിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്.
കെട്ടിനിന്ന വെള്ളം കുത്തിയൊഴുകിയതിനെത്തുടർന്ന് ഉപ്പുങ്ങൽ സുധാകരന്റെ വീടിനു കേടുപറ്റി. വെള്ളത്തോടൊപ്പം മണ്ണും ഒലിച്ചുപോയത് വീടിനു ഭീഷണിയായി.
എടക്കഴിയൂർ കാജ കന്പനിക്കു സമീപം പുളിക്കൽ ഹനീഫയുടെ വീടിന്റെ മുകളിലേക്കു തെങ്ങുവീണു. ഓടു മേഞ്ഞ വീട് തകർന്നു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.
വീട്ടുകാർ പുറത്തേക്കു ഓടിരക്ഷപ്പെട്ടു. മുനക്കകടവിൽ കാറ്റിൽ തെങ്ങുവീണ് വൈദ്യുതി ലൈനിനു കേടുപറ്റി. ഹാജിയാരകത്ത് സേതുവിന്റെ തെങ്ങാണ് വീണത്.
എടക്കഴിയൂരിൽ വെള്ളക്കെട്ടിനു കാരണമായ കാനയും അറപ്പതോടും പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ധീൻ സന്ദർശിച്ചു.