റാന്നി: വേനൽക്കാലത്ത് കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും തേടിയുള്ള സഞ്ചാരികളുടെ വരവ് ഏറുന്പോൾ അപകടങ്ങൾക്കുള്ള സാധ്യതയുമേറി. ഗ്രാമീണ മേഖലകളിലെ വെള്ളച്ചാട്ടങ്ങളിലേക്കാണ് കുട്ടികളടക്കം ആളുകളെത്തുന്നത്.
പല സ്ഥലങ്ങളിലേക്കും വഴികൾ പോലുമുണ്ടാകാറില്ല. പാത തെളിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ മുൻപരിചയമില്ലാത്തവർ എത്തുന്പോഴാണ് അപകട സാധ്യതയേറുന്നത്.
അരുവികൾ, വെള്ളച്ചാട്ടങ്ങൾ, പാറക്കെട്ടുകൾ ഇവയിലെ അപകടസാധ്യത മനസിലാക്കാതെ ഇറങ്ങുകയും കയറുകയും ഒക്കെ ചെയ്യുന്പോൾ അപകടങ്ങൾ വർധിക്കുന്നു.
ഇത്തരം വെള്ളച്ചാട്ടങ്ങളും നീരുറവകളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ സ്വകാര്യ ഭൂമികളോടു ചേർന്നായതിനാൽ ഒൗദ്യോഗികമായ ഒരു സംവിധാനവും ഉണ്ടാകാറില്ല.
ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന പ്രദേശങ്ങളാണെങ്കിൽ പോലും അധികൃതർക്ക് ഒന്നും ചെയ്യാനുമാകില്ല.പത്തനംതിട്ട ജില്ല ഇത്തരത്തിൽ ചെറിയ വെള്ളച്ചാട്ടങ്ങൾകൊണ്ട് സന്പുഷ്ടമാണ്.
വേനൽമഴ കൂടി ലഭിച്ചതോടെ പല വെള്ളച്ചാട്ടങ്ങളിലും നീരുറവകൾ സജീവമാണ്. ഇത് ആസ്വദിക്കാനും പാറക്കുളങ്ങളിലെ വെള്ളത്തിൽ കുളിക്കാനുമൊക്കെയാണ് ആളുകൾ എത്തുന്നത്.
കുട്ടികളും യുവാക്കളും അടങ്ങുന്ന സംഘമാണ് ഏറെയും എത്തുന്നത്.. റാന്നി, കോന്നി വനമേഖലകളോടു ചേർന്നാണ് ഇത്തരം അരുവികളും വെള്ളച്ചാട്ടങ്ങളും ഏറെയുള്ളത്.
പന്പാനദിയിൽ പെരുന്തേനരുവി പോലെയുള്ള വെള്ളച്ചാട്ടങ്ങൾ കൂടാതെ വനത്തിനുള്ളിൽ ചെറുതും വലുതുമായ നീരുറവകളുടെയും പാറക്കെട്ടുകളുടെയും സംഗമസ്ഥാനമുണ്ട്.കോന്നിയിൽ തണ്ണിത്തോട് വനമേഖലയിൽ ഇത്തരത്തിൽ വെള്ളച്ചാട്ടങ്ങളുണ്ട്.
കുട്ടവഞ്ചി സവാരിക്കു പോകുന്ന സംഘങ്ങൾ പലപ്പോഴും കോന്നിയിലെ ഉൾവനത്തിലേക്ക് വെള്ളച്ചാട്ടം ആസ്വദിച്ച് എത്താറുണ്ട്.
കഴിഞ്ഞദിവസം മന്ദമരുതി മാടത്തരുവി വെള്ളച്ചാട്ടത്തിൽ ഇന്നലെ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് അപകടത്തിൽപെട്ടു മരിച്ചത്. കുളിക്കാനെത്തിയ വിദ്യാർഥികളായ മൂന്നംഗ സംഘത്തിലെ രണ്ടു പേരാണ് അപകടത്തിൽപെട്ടത്.
സുഹൃത്തുക്കളും അയൽവാസികളുമായ മൂവർ സംഘം കുളിക്കാനായാണ് വെള്ളച്ചാട്ടത്തിൽ എത്തിയത്. പാറക്കെട്ടുകൾ നിറഞ്ഞ മാടത്തരുവി വെള്ളച്ചാട്ടം ഏറെ അപകടങ്ങൾ നിറഞ്ഞതാണ്.
പാറയിടുക്കിൽ കുട്ടികൾ അകപ്പെട്ടതാണ് അപകടത്തിനു കാരണമായത്. പാറയുടെ ഉള്ളിലെ അള്ളിൽ നാട്ടുകാർ കയർ കെട്ടിയിറങ്ങി കുട്ടികളെ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു.
ജനവാസ കേന്ദ്രത്തിൽ നിന്നും കുറെ അകലെയാണ് സംഭവം നടന്ന വെള്ളച്ചാട്ടം. ഇവിടേക്ക് ദുർഘടമായ പാതയിലൂടെ കാൽനടയായി മാത്രമേ എത്തിച്ചേരാനാകൂ.വേനലിലും നീരൊഴുക്കും വെള്ളച്ചാട്ടവും ഉള്ളതിനാൽ നിത്യവും സന്ദർശകരെത്തുന്നുമുണ്ട്.
ഒൗദ്യോഗികമായ ഒരു സംവിധാവും മാടത്തരുവി വെള്ളച്ചാട്ടം പ്രദേശത്തേക്കില്ല. വെള്ളച്ചാട്ടം തേടിയെത്തുന്നവർ പലരും സ്വയം വഴി നിർമിച്ചും സ്വകാര്യ പുരയിടങ്ങളിലൂടെ യാത്ര ചെയ്തുമാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.