ചേർത്തല: ചതയദിനത്തിൽ കരിദിനാചരണം പ്രഖ്യാപിച്ച സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചു എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പേരിലാണ് സിപിഎം കരിദിനം ആചരിക്കുന്നത്. ഇതു ശ്രീനാരായണ ഗുരുവിനോടുള്ള അനാദരവാണെന്നും വെള്ളാപ്പള്ളി സമൂഹമാധ്യമങ്ങളിലെ കുറിപ്പിൽ കുറ്റപ്പെടുത്തി.
ശ്രീനാരായണ ഗുരുദേവ ജയന്തി ദിനമായ ഇന്നു സിപിഎം കരിദിനമാചരിക്കുന്നതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നു. ജനലക്ഷങ്ങള്‍ പ്രത്യക്ഷ ദൈവമായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുദേവനോടുള്ള അനാദരവായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കൂ. രണ്ടു ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞങ്ങള്‍ക്കും ദുഃഖമുണ്ട്.
മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹാതപവുമുണ്ട്. ആ സംഭവത്തില്‍ പാര്‍ട്ടിയുടെ പ്രതിഷേധം മനസ്സിലാക്കാം. എന്നാല്‍, ഞായറാഴ്ച നടന്ന ഒരു സംഭവത്തിന്റെ പേരില്‍ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണ ഗരുദേവ ജയന്തി നാളില്‍തന്നെ കരിദിനമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചതു ഗുരുനിന്ദയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു