മങ്കൊമ്പ് : കരാറുകാരന്റെയും അധികൃതരുടെയും അനാസ്ഥയെത്തുടർന്ന് കോളനി നിവാസികൾക്കുള്ള റോഡ് നിർമാണം അപൂർണമായി തുടരുന്നതായി ആക്ഷേപം. ചമ്പക്കുളം ഗ്രാമപഞ്ചായത്തു അഞ്ചാം വാർഡ് പരിധിയിൽ വരുന്ന ഒന്നാംകര സെറ്റിൽമെന്റ് കോളനിയിലേക്കുള്ള റോഡിന്റെ പണികളാണ് പൂർത്തിയാകാതെ കിടക്കുന്നത്.
എസി കനാലിനു തെക്കേ കരയിലെ കോളനിയിൽ 62 കുടുംബങ്ങളാണ് താമസിക്കുന്നത്. എസി കനാലിനു സമാന്തരമായി കിടക്കുന്ന റോഡ് മൂന്നു റീച്ചുകളിലായി കോൺക്രീറ്റ് ചെയ്തിരുന്നു. അവശേഷിക്കുന്ന 300 മീറ്ററോളം വരുന്ന പ്രദേശം മാത്രമാണ് ഇപ്പോഴും ഗതാഗത തടസം നേരിടുന്നത്.
ഒന്നാമത്തെ വീടുമുതൽ 15 വരെയും, പിന്നീട് 51 ാമത്തെ വീടിനു മുൻവശം മുതൽ കിഴക്കേയറ്റം വരെയുമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പെടുത്തി റോഡ് നിർമിച്ചത്.
കടന്പകൾ അനവധി
ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുൻപായി അവശേഷിക്കുന്ന പ്രദേശത്ത് കരാറുകാരന്റെ നേതൃത്വത്തിൽ ക്വാറി അവശിഷ്ടങ്ങളും മറ്റും ഇറക്കിയിരുന്നു. ഇരുചക്ര വാഹനങ്ങളും, ഓട്ടോറിക്ഷകളുമെല്ലാം കടന്നുപോയിരുന്ന റോഡിൽ ഇതോടെ ഗതാഗതം തടസപ്പെട്ടു.
വലിയ കരിങ്കൽ കഷ്ണങ്ങൾ കൂടിക്കിടക്കുന്നതു മൂലം കാൽനടയാത്ര പോലും ഇപ്പോൾ അസാധ്യമായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിനായി ക്വാറി അവശിഷ്ടങ്ങളും മറ്റും ഇറക്കാത്ത പ്രദേശങ്ങൾ നേരിയ വേലിയേറ്റത്തിലും വെള്ളത്തിനടിയിലാകും.
വേലിയേറ്റസമയങ്ങളിൽ അരയടിയോളം റോഡിലും പുരയിടങ്ങളിലും വെള്ളം കയറും. കോളനിയിലെ കുടുംബങ്ങൾക്കു പുറത്തേക്ക് എത്താനുള്ള ഏക മാർഗമാണ് ഇപ്പോൾ അടഞ്ഞിരിക്കുന്നത്. കോളനിവാസികൾക്കു പുറമെ നൂറുകണക്കിനു കർഷകരും കർഷകത്തൊഴിലാളികളും റോഡിനെ ആശ്രയിക്കുന്നു.
റോഡിനു പിൻഭാഗത്തുള്ള ഇല്ലിമുറി തെക്കേത്തൊള്ളായിരം പാടത്തെ കർഷകരാണ് റോഡിന്റെ ശോചനീയാവസ്ഥ മൂലം ദുരിതത്തിലായിരിക്കുന്നത്.
രാമങ്കരി, ചമ്പക്കുളം കൃഷിഭവൻ പരിധികളിലായി കിടക്കുന്ന പാടശേഖരത്തിന് 900 ഏക്കറോളം വിസ്തൃതിയുണ്ട്. ഇവിടേയ്ക്കാവശ്യമായ വിത്ത്, വളം, മുതലായവ എത്തിക്കുവാൻ കർഷകർ ആശ്രയിച്ചിരിക്കുന്ന റോഡിനാണീ ദുരവസ്ഥ. കോളനിയിലെ താമസക്കാരുടെയും, കർഷകരുടെയും ദുരിതങ്ങൾ കണക്കിലെടുത്തു അടിയന്തിരമായി പണികൾ പുനരാരംഭിച്ച റോഡ് സഞ്ചായരയോഗ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.