വൈക്കം: അഞ്ചംഗസംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി പാടശേഖരത്തിലേക്കു മറിഞ്ഞു. വെച്ചൂർ -കല്ലറ റോഡിലെ കോലാംപുറത്തുശേരി പാടശേഖരത്തിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് അപകടം.
ഏറ്റുമാനൂർ സ്വദേശികളായ ബിബിൻ മാത്യു, ഭാര്യ ആശാമോൾ, ബിബിന്റെ മകൾ മൂന്നു വയസുകാരി അമയ അന്ന, ബന്ധുക്കളും മുട്ടുചിറ സ്വദേശികളുമായ ചെറിയാൻ മാത്യു, ലീലാമ്മ മാത്യു എന്നിവരാണു വാഹനത്തിൽ ഉണ്ടായിരുന്നത്.
രണ്ടാൾപൊക്കം വെള്ളമുള്ള പാടശേഖരത്തിലേക്കു വാഹനം മുങ്ങുന്നതുകണ്ട് സമീപത്തുണ്ടായിരുന്ന ടിപ്പർ ഡ്രൈവറും മോട്ടോർ പുരയിലെ തൊഴിലാളികളും ഓടിയെത്തി വെള്ളത്തിലിറങ്ങി ടിപ്പറിന്റെ ലിവർ ഉപയോഗിച്ച് കാറിന്റെ ഗ്ലാസുകൾ പൊട്ടിച്ച് ഇവരെ രക്ഷിക്കുകയായിരുന്നു.
ടിപ്പർ ഡ്രൈവർ കുട്ടിയെ തന്റെ കയ്യിൽ ഉയർത്തി പിടിച്ചാണ് വെള്ളത്തിൽ മുങ്ങാതെ കരയ്ക്കെത്തിച്ചത്. അപകടത്തിൽ കുട്ടിയുടെ കൈയ്ക്കു പരിക്കേറ്റു.
വെച്ചൂർ പള്ളിയിൽ പോയി മടങ്ങുംവഴിയാണ് അപകടം. തക്കസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതുകൊണ്ടു വാഹനത്തിൽ സഞ്ചരിച്ചിരുന്ന മറ്റാർക്കും അപകടം ഉണ്ടായില്ല.
രക്ഷാപ്രവർത്തനത്തിനിടെ ടിപ്പർ ഡ്രൈവറുടെ കാലിനു പരിക്കേറ്റു. തുടർന്ന് ടിപ്പർ ഡ്രൈവറെയും അപകടത്തിൽപ്പെട്ടവരെയും നാട്ടുകാർ ഇടയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ അരമണിക്കൂറിനുശേഷം ഇവർ മടങ്ങി.
സംഭവമറിഞ്ഞ് ഉടൻതന്നെ വൈക്കം പോലീസ് സ്ഥലത്തെത്തി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് വാഹനം കരയ്ക്കു കയറ്റി.