തിരുവില്വാമല: തുലാവർഷം കനിഞ്ഞില്ല, മേഖലയിലെ മുണ്ടകൻ പാടങ്ങൾ കരിഞ്ഞുണങ്ങുന്നു. പഞ്ചായത്തിലെ കുറുമങ്ങാട്ട്, പുത്തൻമാരി, മലേശമംഗലം, കിണറ്റിൻകര, ചെന്പൻകോട് പാടശേഖരങ്ങളിലെ നെൽകൃഷിയാണ് വെള്ളമില്ലാതെ വരണ്ട് കിടക്കുന്നത്. ഒന്നാംവിള പ്രളയത്തിൽ മുങ്ങുകയും രണ്ടാംവിള വരണ്ടുണങ്ങുകയും ചെയ്തതോടെ കർഷകർ ആശങ്കയിലാണ്.
കുരുമങ്ങാട്ട് പാടശേഖരം കഴിഞ്ഞ 18 വർഷമായി വിത്തുൽപാദനരംഗത്ത് സജീവമായ പാടശേഖരമാണ്. ഇത്തരത്തിൽ ഒരനുഭവം ആദ്യമാണെന്ന് പാടശേഖര സമിതി ഭാരവാഹികളായ കെ. ദിവാകരനുണ്ണി, പി. രാമകൃഷ്ണൻ എന്നിവർ പറഞ്ഞു. മഴയെ മാത്രം ആശ്രയിച്ചാണ് ഇവിടത്തെ കൃഷി. സമീപത്തെ തോട്ടിൽനിന്നും കുളങ്ങളിൽനിന്നും പന്പ് ചെയ്ത് വെള്ളമെത്തിക്കുന്നുണ്ടെങ്കിലും വെള്ളം കുറഞ്ഞതോടെ വരൾച്ച പൂർണമായി.
ഇതിന് പരിഹാരമായി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വെള്ളക്കുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമാണത്തിനായി കടലാസ് പണികൾ പൂർത്തിയാക്കി മന്ത്രിയുടെ അനുമതിക്കായി അയച്ചിരുന്നതാണ്. നബാർഡിന്റെ ധനസഹായം കിട്ടുമായിരുന്നിട്ടും അനുമതി ലഭിച്ചില്ലെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.
കർഷകർ പലതവണ ഉദ്യോഗസ്ഥരോട് അന്വേഷിച്ചെങ്കിലും മേൽനടപടിക്കായി സമർപ്പിച്ചു എന്ന മറുപടിയാണ് ലഭിച്ചത്. ഈ പദ്ധതി യാഥാർഥ്യമായാൽ പത്തോളം പാടശേഖരങ്ങളിലെ നെൽകൃഷിക്കും മറ്റു വിളകൾക്കും ഉപകാരമാകും. ഇനിയെങ്കിലും അധികൃതർ കണ്ണുതുറക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.