തലയോലപ്പറന്പ് : കുട്ടികൾ വെള്ളം കുടിക്കുന്നില്ലെങ്കിൽ നേരേ തലയോലപ്പറന്പിലേക്ക് പോരൂ. സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളെ കണ്ടു പഠിക്കുക. ഇവിടെ വെള്ളം കുടിപ്പിക്കാനും ബെല്ലടിക്കും. അതാണ് വാട്ടർ ബെൽ. വാട്ടർ ബെൽ അടിച്ചാൽ കുട്ടികൾ വെള്ളം കുടിക്കണം. വെള്ളം കുടിക്കാൻ മടി കാട്ടുന്ന കുട്ടികളെ മുൻനിർത്തിയാണ് സ്കൂളിൽ വാട്ടർ ബെൽ സന്പ്രദായം ഏർപ്പെടുത്തിയത്. ഇതോടെ വിദ്യാർഥികളുടെ വെള്ളം കുടിക്കാനുള്ള മടി മാറി.
രാവിലെയും വൈകിട്ടും നിശ്ചിത സമയങ്ങളിൽ വാട്ടർ ബെല്ലടിക്കുന്പോൾ കുട്ടികൾ നിർബന്ധമായും വെള്ളം കുടിക്കണം. വീട്ടിൽ നിന്നും കൊണ്ടുവരുന്ന വാട്ടർ ബോട്ടിലുകൾ തുറന്നു നോക്കാത്ത കുരുന്നുകൾ വരെ പദ്ധതി ആരംഭിച്ചതോടെ വെള്ളം കുടി ശീലമാക്കി.
ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ആവശ്യത്തിന് വെള്ളം കുടിക്കാതെ നിരവധി ആളുകളാണ് രോഗികളാകുന്നത്. കൗമാര കാലഘട്ടത്തിൽ തന്നെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കാനും വിപണിയിൽ ലഭിക്കുന്ന മായം കലർന്ന ശീതള പാനീയങ്ങളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനും ലക്ഷ്യം വച്ചാണ് സ്കൂളിൽ വാട്ടർ ബെൽ സ്ഥാപിച്ചതെന്ന് മാനേജർ ഫാ. ജോണ് പുതുവ പറഞ്ഞു.
സ്കൂളിൽ തങ്ങളുടെ കുട്ടികൾ കൃത്യമായി വെള്ളം കുടിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ രക്ഷിതാക്കളും സന്തോഷത്തിലാണ്.