രാജു കുടിലിൽ
ഏറ്റുമാനൂർ: വെള്ളപ്പൊക്കം ആഘോഷവേളകൂടിയാണ്. വെള്ളം പൊങ്ങുന്നത് കാത്തിരിക്കുന്നവരായിരുന്നു ഇതിനു മുന്പുള്ള തലമുറ. വെള്ളം പൊങ്ങിയാൽ പിന്നെ ഇരിക്കപ്പൊറുതിയില്ല. അങ്ങ് ഇറങ്ങുക തന്നെ. നീന്തണം,ആവോളം.
പലർക്കും ഉള്ളിലും പുറത്തും വെള്ളമാകാം. എങ്കിലല്ലേ ആഘോഷത്തിനൊരു പൊലിമയുണ്ടാകൂ. വെള്ളപ്പൊക്കം വന്നാൽ പാലായ്ക്കു പോണം എന്നൊരു പറച്ചിൽ തന്നെ ഇല്ലായിരുന്നോ? ശരിയായിരുന്നു അത്. വെള്ളപ്പൊക്കം ആഘോഷിക്കുന്നവർ പാലാക്കാരെ കണ്ടു പഠിക്കണം. ഇന്നും അവർ തന്നെ ആശാന്മാർ .
വെറുതെ നീന്തി രസിക്കുന്നവരുണ്ടാകും. വലവീശാനും ചൂണ്ടയിടാനും വരുന്നവരുണ്ടാകും. മറ്റു ചിലർക്കാകട്ടെ, ഒഴുകി വരുന്ന തേങ്ങയും ചക്കയും മറ്റും നീന്തിപ്പിടിച്ചെടുക്കുന്നതാണ് ത്രിൽ. പുഴയുടെയോ തോടിന്റെയോ ഓരത്ത് കണ്ണിമവെട്ടാതെ നോക്കി നിൽപ്പാണ്. ദൂരെ നിന്ന് ഒഴുകി വരുന്നതു കാണുന്പോഴേ ഒറ്റച്ചാട്ടം. നീന്തിച്ചെന്ന് തേങ്ങയോ ചക്കയോ എന്തുമാകട്ടെ കൈപ്പിടിയിലാക്കുന്നവൻ ഹീറോ.
ഇങ്ങനെ സാധനങ്ങൾ നീന്തിയെടുക്കുന്നവർക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് പ്രോത്സാഹിപ്പിച്ച് ആവേശം കൂട്ടുന്നവരുമുണ്ടായിരുന്നു. നൽകുന്ന സമ്മാനവും അവസരത്തിനു ചേർന്നത്. ഒരു കുപ്പി കള്ള്, ഒരു പൂവൻകോഴി, ഒരു വാള… അങ്ങനെയങ്ങനെ. അതൊരു രസമായിരുന്നു. വെള്ളപ്പൊക്കം ഗ്രാമങ്ങളുടെ ഉത്സവമായിരുന്നു. മനുഷ്യമനസുകളെ അടുപ്പിച്ചു നിർത്തുന്ന ഉത്സവം.
എന്നാലിന്നോ? വെള്ളപ്പൊക്കക്കാലത്ത് ചാടി തിമർത്തിരുന്ന തോടുകളെല്ലാം കൈത്തോടുകളായി. തോടുകൾ ശോഷിച്ചു. ഇനി എങ്ങാനും ഉള്ളിടത്ത് ചൂണ്ടയിൽ കുരുങ്ങാൻ മീനില്ല. നാടൻ മത്സ്യസന്പത്ത് അന്യം നിന്നു. വല വീശാൻ ഇടമില്ല.
ഉള്ള സ്ഥലത്ത് ഇറങ്ങാമെന്നു വച്ചാലോ? എന്തിനിറങ്ങണം? ഒഴുകി വരാൻ തേങ്ങയും ചക്കയുമൊന്നുമില്ലല്ലോ. (ഉണ്ടെങ്കിലും അതൊക്കെ ആർക്കു വേണം! അതു വേറെ കാര്യം.) അല്ല. എങ്ങനെയിറങ്ങും. പണ്ട് മലവെള്ളപ്പാച്ചിലിലും വെള്ളം ശുദ്ധമായിരുന്നു. എന്നാലിന്നോ?
ആകെ മാലിന്യമല്ലേ? ഈ വെള്ളത്തിൽ എങ്ങനെയിറങ്ങും? പണ്ടത്തെ തേങ്ങക്കും ചക്കയ്ക്കുമൊക്കെ പകരം ഒഴുകി വരുന്നത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ . സ്വയംകൃതാനർത്ഥം. അനുഭവിക്കുക തന്നെ. അതല്ലെങ്കിൽ മനോഭാവം മാറണം. മാറുമോ?