മങ്കൊന്പ്: കിഴക്കൻ വെള്ളം കലിതുള്ളിയെത്തിയതിനെ തുടർന്ന് കുട്ടനാട് ഒറ്റപ്പെട്ടു. റോഡുകളെല്ലാം തന്നെ വെള്ളത്തിനിയിലായതോടെ കുറ്റനാട് ശരിക്കും ഒറ്റപ്പെട്ടു. റോഡുസൗകര്യമെത്തിയതോടെ ജലഗതാഗതം നാമമാത്രമായി ചുരുങ്ങിയതാണ് വെള്ളപ്പൊക്ക കാലത്ത് കുട്ടനാട്ടുകാർക്ക് തിരിച്ചടിയായത്. ഗതാഗതമാർഗങ്ങൾ ഏറെക്കുറെ അടഞ്ഞത് ആശുപത്രി, പാൽ, പത്രം, തുടങ്ങിയ സമസ്ത മേഖലകളെയും സ്തംഭിപ്പിച്ചു. രണ്ടു കിലോമീറ്റർ ദൂരംമാത്രമുള്ള സ്ഥലത്തെത്താൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്.
എസി റോഡിൽ കഐസ്ആർടിസി സർവീസ് നിലച്ചച്ചതിനുപുറമെ, ഇവിടേയ്ക്കു സ്വകാര്യവാഹനങ്ങൾക്കുപോലും എത്തിപ്പെടാനാകാത്തതാണ് ജനത്തെ വലച്ചത്. നീലംപേരൂർ, കാവാലം, പുളിങ്കുന്ന് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്കാണ് സഞ്ചാരമാർഗങ്ങൾ എല്ലാം തന്നെ അടഞ്ഞത്. കൃഷ്ണപുരം വഴിയുള്ള കാവാലം ബസ് സർവീസ് നിലച്ചതിനുപിന്നാലെ കൈനടി വഴിയുള്ള സർവീസും നിലച്ചത് പ്രദേശവാസികൾക്കു തിരിച്ചടിയായി.
സ്വകാര്യവാഹനങ്ങൾ ഒന്നും തന്നെ കടന്നുപോകാൻ പറ്റാത്തവിധം റോഡുകളിൽ വെള്ളംകയറിയിരിക്കുകയാണ്. എന്നാൽ എസി റോഡിലേക്കെത്താനുള്ള കരഗതാഗതം തടസപ്പെട്ടപ്പോൾ പകരം ജലഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. മുൻവർഷങ്ങളിൽ പുളിങ്കുന്നിൽ നിന്നും മങ്കൊന്പിന് ഷട്ടിൽ ബോട്ടുസർവീസ് നടത്തിയിരുന്നു. എന്നാൽ ഇക്കൊല്ലം പതിവു സർവീസുകൾ മാത്രമാണ് യാത്രക്കാർക്കു ലഭ്യമാകുന്നത്. ഇക്കാരണത്താൽ മണിക്കൂറുകളോളം യാത്രക്കാർ ബോട്ടുജെട്ടികളിൽ കാത്തിരിക്കേണ്ട ഗതികേടാണ്.
റോഡുഗതാഗതത മാർഗങ്ങൾ അടഞ്ഞതോടെ ജലഗതാഗതത്തെ യാത്രക്കാർ കൂടുതലായി ആശ്രയിച്ചുതുടങ്ങി. ഏതുസമയത്തും ബോട്ടുജെട്ടികളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. റോഡിൽ ഗതാഗതം അപകടകരമായതോടെ പാൽ, പത്രം, മതലായവ കുട്ടനാട്ടിലേക്കെത്താതായി. വെള്ളപ്പൊക്കത്തിനുപുറമെ ശക്തമായ കാററും വീശുന്നതിനാൽ വൈദ്യുതിമുടക്കം പതിവായി. രാത്രികാലങ്ങളിൽ വൈദ്യുതിബന്ധം നിലച്ചാൽ പിറ്റേന്ന് വൈകുന്നേരം വരെ കാത്തിരിക്കണം.
അറ്റകുറ്റപ്പണികൾക്കായി ജീവനക്കാർ മങ്കൊന്പിൽ നിന്നാണ് വടക്കൻ പ്രദേശങ്ങളിലേക്കെത്തേണ്ടത്. എന്നാൽ റോഡുമാർഗം അടഞ്ഞതോടെ ഓരോ പ്രദേശത്തെയും താത്കാലിക ജീവനക്കാർക്കാണ് വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള ചുമതല. വൈദ്യുതി മുടക്കം പതിവായതോടെ മൊബൈൽ ഫോണുകളുടെ പ്രവർത്തനം നിലച്ചു. കേബിൾ ശൃംഖലകളും തകരാറിലായതോടെ പുറംലോകത്തെ കാര്യങ്ങളറിയാൻ മാർഗമില്ലാതെ ജനം വലഞ്ഞു.
രോഗികൾക്കു ചികിത്സ നൽകുന്ന കാര്യത്തിലാണ് ഏറ്റവുമധികം കുട്ടനാട്ടുകാർ ക്ലേശമനുഭവിക്കുന്നത്. പുളിങ്കുന്നിലെ കുട്ടനാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി വെള്ളപ്പൊക്കത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ വെള്ളത്തിനടിയിലായിരുന്നു. ഇതിനു പുറമെ റോഡുഗതാഗതം തസപ്പെട്ടതോടെ രോഗികളുമായി ഇവിടേയ്ക്കെത്താൻ കഴിയാത്ത അവസ്ഥയുമായി. സമീപപ്രദേശങ്ങളിലുള്ളവർക്കു മാത്രമാണ് താലൂക്കാശുപത്രിയുടെ സേവനം ഇപ്പോൾ ലഭ്യമാകുന്നത്.
സമീപനഗരങ്ങളിലെ മൊത്തവിപണിയുമായുള്ള ബന്ധം മുറിഞ്ഞതോടെ കുട്ടനാട്ടിലെ ചില്ലറവിൽപനശാലകളിൽ അവശ്യസാധനങ്ങളുടെ ലഭ്യതയും നിലച്ചു. വെള്ളപ്പൊക്കത്തെത്തുടർന്ന് മിക്ക കുടുംബങ്ങളും പട്ടിണിയുടെ പിടിയിലമർന്നുകഴിഞ്ഞു. പലയിടത്തും കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ ആരംഭിച്ചെങ്കിലും ഇവ പരിമിതമാണെന്ന ആരോപണവും ക്യാന്പുകളിൽ ആവശ്യത്തിനു സാധനസാമഗ്രികളില്ലെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.